ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെയും ഗണേശ പൂജയെയും പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ജഡ്ജി ഹിമ കോഹ്‌ലി. ജഡ്ജിമാര്‍ പൊതുമധ്യത്തില്‍ മതവിശ്വാസം പ്രകടിപ്പിക്കരുത്. അത് നീതി നിര്‍വഹണത്തെ ബാധിക്കുമെന്ന് ഹിമ കോഹ്ലി പറഞ്ഞു. വിശ്വാസവും ആത്മീയതയും സ്വകാര്യതയാണ്. അത് സ്വകാര്യമായി സൂക്ഷിക്കേണ്ടതുണ്ട്. അത് പൊതുമധ്യത്തിലേക്ക് കൊണ്ടുവരരുതെന്നാണ് തന്റെ നിലപാട്. മനുഷ്യത്വവും ഭരണഘടനയുമാണ് പൊതുമധ്യത്തിലേക്ക് എത്തിക്കേണ്ടത്. അതായിരിക്കണം നമ്മുടെ മതമെന്നും ഹിമ കോഹ്ലി പറഞ്ഞു.
ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഇടപഴകേണ്ടുന്ന, തമ്മില്‍ ബന്ധപ്പെടുന്ന ചില സ്ഥലങ്ങളുണ്ട്. കോടതികള്‍ക്കോ, ജീവനക്കാര്‍ക്കോ ഒക്കെ വേണ്ടിയാകും ഇത്തരം ഇടപഴകലുകള്‍. നീതിന്യായ വ്യവസ്ഥയുടെ മുന്നോട്ടുപോക്കിന് വേണ്ടിയാകണം എക്‌സിക്യൂട്ടീവുമായുള്ള കൂടിക്കാഴ്ച . മറിച്ചായാല്‍ അത് നീതിന്യായ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യ ഇടങ്ങളിലേക്ക് താന്‍ ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ലെന്നും ഹിമ കോഹ്‍ലി വ്യക്തമാക്കി. തന്റെ ബന്ധുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും അവസരംനല്‍കിയിട്ടില്ലെന്നും ഹിമ കോഹ്‍ലി കൂട്ടിച്ചേര്‍ത്തു.
ഡി.വൈ. ചന്ദ്രചൂഡിന്റെ വീട്ടിൽ ഗണപതി പൂജയിലാണ് പ്രധാനമന്ത്രി മോദി പങ്കെടുത്തത്. ചന്ദ്രചൂഡിനും ഭാര്യക്കും ഒപ്പം പ്രധാനമന്ത്രി ഗണപതി വിഗ്രഹത്തിനു മുന്നില്‍ ആരതിയുഴിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നിയമ, രാഷ്ട്രീയ രംഗത്തുള്ളവർ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് പ്രതികരിച്ചത്. ജുഡിഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഇത് ജുഡീഷ്യറിക്ക് തെറ്റായ സന്ദേശം നൽകുമെന്നും മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. എക്‌സിക്യൂട്ടീവിൽ നിന്ന് പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുകയും സർക്കാർ ഭരണഘടനയുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ജുഡീഷ്യറിയുടെ ചുമതല. എക്സിക്യൂട്ടീവും ജുഡീഷ്യറിയും കൈയകലത്തിൽ തുടരേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.