കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജഡ്ജിയായി ജസ്റ്റിസ് നിതിൻ ജംദാർ ചുമതലയേൽക്കും. നിലവിൽ ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് നിതിൻ ജംദാർ. ഈ മാസം നാലിന് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. സുപ്രീംകോടതി കൊളീജിയമാണ് നിതിൻ ജംദാറിൻ്റെ പേര് ശുപാർശ ചെയ്തത്.
മഹാരാഷ്ട്ര സ്വദേശിയായ നിതിൻ ജംദാർ 2023 ജനുവരി 23 നാണ് ബോംബെ ഹൈക്കോടതിയിൽ നിയമിതനാകുന്നത്. മുമ്പ് കേന്ദ്രസർക്കാരിൻ്റെ സീനിയർ സ്റ്റാൻ്റിംഗ് കോൺസലായിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും കൊളീജിയം ശുപാർശ ചെയ്തു.
സുപ്രീംകോടതിയിലേക്ക് രണ്ട് പുതിയ ജഡ്ജിമാർ കൂടി എത്തും. ജമ്മുകാശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ കെ സിംഗും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ മഹാദേവനും സുപ്രീംകോടതി ജഡ്ജിമാരാകും.