പശു സംരക്ഷണത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി ജ്യോതിർമഠ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. വിഷയത്തിൽ ബിജെപിയുടെ നിലപാട് ഇരട്ടത്താപ്പാണ്. ഗോഹത്യക്കെതിരെ മറ്റിടങ്ങളിൽ സംസാരിക്കുന്ന ബിജെപി നാഗാലാൻഡിൽ ബീഫ് നിരോധിക്കാൻ തയ്യാറല്ലെന്നും മോദി യഥാർഥ ഹിന്ദുവല്ലെന്നും ശങ്കരാചാര്യ വിമർശിച്ചു. അയോധ്യയിൽ നിന്ന് ലഖ്നൗവിലെത്തിയ 'ഗോ ധ്വജ് സ്ഥാപന ഭാരത് യാത്ര'യുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശങ്കരാചാര്യർ.
ബിജെപിക്ക് മുഖം രണ്ടാണ്. ഇരട്ടത്താപ്പും കപട ഹിന്ദുത്വവുമാണ് അവരുടേത്. ഹിന്ദുക്കളല്ല പ്രധാനമന്ത്രി സ്ഥാനത്തും രാഷ്ട്രപതി സ്ഥാനത്തുമുള്ളതെന്നും ശങ്കരാചാര്യർ ആരോപിച്ചു. യഥാർഥ ഹിന്ദുവായിരുന്നെങ്കിൽ ഇരുവരും ഗോഹത്യ അനുവദിക്കില്ല. 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം അംഗീകരിച്ച സർക്കാർ, ഗോ സംരക്ഷണത്തിൽ സംസ്ഥാനങ്ങളിലുടനീളം ഒരു നിയമം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു.
ALSO READ: എനിക്ക് AI എന്നത് അമേരിക്കൻ-ഇന്ത്യൻ സ്പിരിറ്റ്: ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി
മഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗോ ധ്വജ് സ്ഥാപന യാത്രക്ക് ബിജെപി സഖ്യകക്ഷിയായ നാഗാലാൻഡ് സർക്കാർ അവിടെ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതാണ് ശങ്കരാചാര്യരെ പ്രകോപിപ്പിച്ചത്. ബിജെപി സർക്കാർ ഹിന്ദു വോട്ട് നേടി അധികാരത്തിലേറി അവരെ ഒറ്റുകൊടുക്കുകയാണ്. യഥാർത്ഥ ഹിന്ദുക്കളാണ് നാട് ഭരിക്കുന്നതെങ്കിൽ ഇത്തരം കെടുകാര്യസ്ഥത വെച്ചുപൊറുപ്പിക്കില്ല.
ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി, ബീഫ് കയറ്റുമതിയിൽ ഒന്നാമതാണ്. ഇത് അത്ഭുതമാണെന്നും ശങ്കരാചാര്യ പറഞ്ഞു. പശു മാംസം കഴിക്കുന്നത് അവകാശമെന്ന് വാദിക്കുന്നവർ ശരിയത്ത് നിയമമുള്ള രാജ്യങ്ങളിലേക്ക് പോകണം. കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന് കളങ്കമേൽപ്പിച്ച തിരുപ്പതി ലഡു വിവാദത്തിൽ അന്വേഷണസംഘത്തെ നിയമിക്കാൻ കാലതാമസം എടുത്തെന്നും ശങ്കരാചാര്യർ വിമർശിച്ചു.