NEWSROOM

നടപടി നേരത്തെ പ്രതീക്ഷിച്ചത്; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: കെ.ഇ. ഇസ്മയിൽ

നിരവധി സംസ്ഥാനനേതാക്കൾ പിന്തുണ അറിയിച്ചു. സംസ്ഥാന സെകട്ടറി വിളിച്ചിട്ടില്ല. നടപടി വന്നാൽ, ഞാൻ അതിനും അപ്പുറത്താണ്. എഴുപത് വർഷമായി പാർട്ടിക്കാരനാണ്. പാർട്ടിക്കാരനായി തുടരുമെന്നും കെ. ഇ. ഇസ്മയിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് കെ ഇ ഇസ്മയിൽ. പി രാജുവിന്റെ മരണത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും, രാജുവിനുണ്ടായ വേദന പറഞ്ഞില്ലെങ്കിൽ മനുഷ്യനാകില്ലെന്നും ഇസ്മയിൽ പറഞ്ഞു. നടപടി നേരത്തേ പ്രതീക്ഷിച്ചതെന്നും, എന്തുകൊണ്ട് വൈകിയെന്നതാണ് അത്ഭുതമെന്നും കെ. ഇ. ഇസ്മയിൽ പറഞ്ഞു.

നിരവധി സംസ്ഥാനനേതാക്കൾ പിന്തുണ അറിയിച്ചു. സംസ്ഥാന സെകട്ടറി വിളിച്ചിട്ടില്ല. നടപടി വന്നാൽ, ഞാൻ അതിനും അപ്പുറത്താണ്. എഴുപത് വർഷമായി പാർട്ടിക്കാരനാണ്. പാർട്ടിക്കാരനായി തുടരുമെന്നും ഇസ്മയിൽ പറഞ്ഞു. ഇസ്മയിലിന് ആറ് മാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ.  മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണങ്ങളിലാണ് നടപടി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റേതായിരുന്നു തീരുമാനം.

പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നെന്നായിരുന്നു ഇസ്മയിലിൻ്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയിൽ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു സിപിഐ നേതാവിന്‍റെ പ്രതികരണം.

ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപിച്ചാണ് ഇസ്മയിൽ രംഗത്തെത്തിയത്. ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നെന്നും ഇസ്മയിൽ പറഞ്ഞു. പിന്നാലെ രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു.

സിപിഐയിലെ ഇസ്മയിൽ–കാനം രാജേന്ദ്രൻ പോരിൽ ഇസ്മയിലിനൊപ്പം അടിയുറച്ചുനിന്നയാളായിരുന്നു രാജു. രാജു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നു. രാജു ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയെന്നായിരുന്നു ആരോപണം. പിന്നീട് നടത്തിയ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നു കണ്ടെത്തി. വിഷയം പരിശോധിക്കാൻ മൂന്ന് അംഗ സമിതിയെ ചുമതലപ്പെടുത്തുകയും, കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനും, എം.ഡി. നിക്സണുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT