മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മുഖ്യമന്ത്രി വിവാദ വിഷയങ്ങളിൽ ഒന്നും പ്രതികരിച്ചിട്ടില്ലെന്ന് മുരളീധരന്‍ ആരോപിച്ചു.
എഡിജിപി സ്വന്തം താല്പര്യത്തിന് ആർഎസ്എസ് നേതാക്കളെ കണ്ടു. അദ്ദേഹം അതു സ്വയം സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് ഉണ്ടയില്ലാത്ത ചില വെടികൾ മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് മുരളീധരന്‍ ആരോപിച്ചു. സിപിഐയുടെ ആക്ഷേപത്തിന് പോലും മറുപടിയുണ്ടായില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഇന്‍റലിജൻസ് റിപ്പോർട്ട് വന്നിട്ടും മുഖ്യമന്ത്രി ചോദിച്ചില്ലെന്നും മുരളീധരന്‍ ആക്ഷേപം ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ എന്തിന് തൽസ്ഥാനത്ത് നിലനിർത്തുന്നുവെന്ന് മുഖ്യമന്ത്രിക്ക് പറയാൻ കഴിഞ്ഞില്ല. സ്വന്തം കുറ്റം മറ്റുള്ളവർക്ക് മേൽ ചുമത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
Also Read: തൃശൂർ പൂര വിവാദം: അന്വേഷണ റിപ്പോർട്ട് ഈ മാസം 24ന് സമർപ്പിക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി
പൂരം കലക്കിയതിന്‍റെ റിപ്പോർട്ട് നൽകാൻ ഡിജിപിയോട് പറയുന്നു. എഡിജിപിയാണ് റിപ്പോർട്ട് നൽകുന്നതെങ്കിൽ കാത്തുനിൽക്കാൻ വയ്യെന്നും മുരളീധരന്‍ പറഞ്ഞു. അൻവറിനെ തള്ളിയ മുഖ്യമന്ത്രി ഇപ്പോഴും പി. ശശിക്കും എഡിജിപിക്കും ഒപ്പമാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തില്‍ സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് കണക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിലും മുരളീധരന്‍ പ്രതികരിച്ചു. ഇപ്പോൾ പത്രക്കാരാണ് കള്ളക്കണക്ക് ഉണ്ടാക്കുന്നവരെന്ന് പറയുന്നു. കള്ളക്കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ മെക്കിട്ടു കയറിയിട്ട് കാര്യമില്ല. കാര്യങ്ങൾ പോകുന്നത് സിപിഎമ്മിന്‍റെ സർവ്വനാശത്തിലേക്കാണെന്നും മുരളീധരന്‍ പറഞ്ഞു. ഒന്നുകിൽ മുഖത്ത് നോക്കി പറഞ്ഞ ശേഷം സിപിഐ ഇറങ്ങിവരണം. ഇല്ലെങ്കിൽ പിണറായിയുടെ ഉച്ഛിഷ്ടവും തിന്ന് അവിടെ നിൽക്കണമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേർത്തു.
വയനാട് മെമ്മോറാണ്ട വിവാദത്തിൽ മാധ്യമങ്ങളെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. വയനാടിൻ്റെ പേരിൽ കൊള്ളയെന്ന് ഒരു കൂട്ടർ വിധിയെഴുതി. അസത്യം പറക്കുമ്പോൾ സത്യം മുടന്തുമെന്ന വാചകം അക്ഷരാർഥത്തിൽ ശരിയായെന്നും പിണറായി വിജയന്‍ വിമർശിച്ചു. വ്യാജ വാർത്തകൾ നൽകിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.