തൃശൂർ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ എം.പി കെ.മുരളീധരന്‍. എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിന് പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധമുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു.
ഇതിനായി വളരെ മുൻപ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായി. ആർഎസ്എസ് നേതാവിനെ കാണാന്‍ അജിത്തിനെ പറഞ്ഞ് വിട്ടത് മുഖ്യമന്ത്രിയാണ്. ത്യശൂരിൽ ബിജെപിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസിൽ നിന്നും രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി അജിത്തിനെ പറഞ്ഞ് അയച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. കേരളം കൈവിട്ടാലും മോദി ഉണ്ടെന്നുള്ള വിശ്വാസമാണ് അജിത്തിനെന്ന് മുന്‍ എംപി കൂട്ടിച്ചേർത്തു.
അതേസമയം, ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയെന്ന കാര്യം തുറന്നു സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് എഡിജിപിയുടെ വിശദീകരണം. അജിത് കുമാറിന്‍റെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും ഡിജിപിയുടെ സംഘം അന്വേഷിക്കും.
തൃശൂർ പൂരം കലക്കാനായി മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി കൂടികാഴ്ച നടത്തി എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കുകയായിരുന്നെന്ന് സതീശന്‍ ആരോപിച്ചിരുന്നു.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരനെ പിന്തള്ളിയായിരുന്നു ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്.