NEWSROOM

"ഐജി എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യും, സല്യൂട്ട് അടിച്ചിട്ടോ..?" അന്വേഷണത്തില്‍ അന്തര്‍ധാര വ്യക്തമെന്ന് കെ. മുരളീധരൻ

ആർഎസ്എസിനെ എതിർക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും. എന്നിട്ടും എന്ത് സംഭാഷണമാണ് എഡിജിപിക്ക് നടത്താനുള്ളതെന്നും മുരളീധരൻ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വായ തുറക്കാത്തതിൽ ഇപ്പോഴും അത്ഭുതമെന്ന് കെ. മുരളീധരൻ. ആർഎസ്എസിനെ എതിർക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും. എന്നിട്ടും എന്ത് സംഭാഷണമാണ് എഡിജിപിക്ക് നടത്താനുള്ളത്. തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ഇതൊക്കെയാണ് സംശയമെന്നും മുരളീധരൻ പറഞ്ഞു.

പി.വി. അൻവറിൻ്റെ ആരോപണങ്ങളെ തുടർന്ന് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോഴും അജിത് കുമാർ എഡിജിപി സ്ഥാനത്ത് തുടരുകയാണ്. അദ്ദേഹത്തിനെതിരായ അന്വേഷണത്തിൽ നാല് ജൂനിയർ ഉദ്യോഗസ്ഥരുണ്ട്. ഐജി എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യും, സല്യൂട്ട് അടിച്ചിട്ടോ. അന്തർധാര വ്യക്തമാണെന്നും മുരളീധരൻ പറഞ്ഞു.


"സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും എഡിജിപിയോട് വിശദീകരണം ചോദിക്കാത്തത് എന്തുകൊണ്ട്. സിപിഐ ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിമർശിക്കുമ്പോഴും മുഖ്യമന്ത്രിയെ കാണുമ്പോൾ ഒന്നും മിണ്ടുന്നില്ല. സിപിഐ പത്രക്കാരോട് വികാരത്തോടെ സംസാരിക്കും. മുഖ്യമന്ത്രിയോട് ചെവിയിൽ പറയാമെന്ന് പറയും. അവരും ഇതിനോട് കൂട്ടു നിൽക്കുകയാണോ?"

"ഒന്നുകിൽ മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കണം. അല്ലെങ്കിൽ രാജി വെക്കണം. പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് കൂടിക്കാഴ്ചയെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് നടപടി എടുത്തില്ല? കോഴിയെ കാണാതായത് കുറുക്കൻ അന്വേഷിക്കുന്നത് പോലെയാണ് തൃശൂർ പൂരം കലക്കിയതിലെ എഡിജിപി അന്വേഷണം." മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT