കെ.മുരളീധരന്‍ 
NEWSROOM

തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്; വയനാടിന് സഹായം വൈകുന്നതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി : കെ. മുരളീധരന്‍

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു മുരളീധരന്‍റെ വിമർശനം.

Author : ന്യൂസ് ഡെസ്ക്


തൃശൂര്‍ ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ.മുരളീധരന്‍. തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. നട്ടും ബോൾട്ടും ഇല്ലാത്ത തൃശൂർ എന്ന വണ്ടിയിൽ കയറാൻ തന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ കെ.പ്രവീൺ കുമാർ അടക്കമുള്ളവർ ആയിരുന്നു അതിന് മുൻപന്തിയിൽ നിന്നതെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുരളീധരന്‍റെ പ്രതികരണം.

തൃശൂരിലെ വോട്ടുകൾ ബിജെപിയിലേക്ക് പോയത് ഇപ്പോഴും കോൺഗ്രസ് വിദ്വാന്മാർ അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ലാസ്റ്റ് ബസ് ആണെന്നും കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു മുരളീധരന്‍റെ വിമർശനം.

വയനാട് ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും മുരളീധരന്‍ രംഗത്തെത്തി. കിട്ടുന്നതെല്ലാം പോരട്ടെ എന്ന് മുഖ്യമന്ത്രി കരുതി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തില്ല. വയനാടിന് സഹായം വൈകുന്നതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പ്രധാനമന്ത്രിയുമാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു.


എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പ്രതികരണത്തെയും മുരളീധരന്‍ വിമര്‍ശിച്ചു. ഇന്നലെ വരെ ഗാന്ധിജിയെ കൊന്നവർ ഇന്ന് വലിയവർ ആയിരിക്കുന്നു. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇരുവരും ധാരണയായതായാണ് വിവരം. പക്ഷെ പാലക്കാട് കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

SCROLL FOR NEXT