പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കൊണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ഫേസ്‌ബുക്കിൽ സിനിമാഗാനം പങ്കുവെച്ചായിരുന്നു വിമർശനം. 'ഞാൻ എന്ന ഭാവം' ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്‍റെ കുറിപ്പ്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിച്ചതിന് പിന്നാലെയാണ് വിമർശനം.
'പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ...', എന്ന് ഫേസ്ബുക്കില്‍ കുറിച്ച കെ. മുരളീധരന്‍ ഗാനത്തിന്‍റെ ദൃശ്യവും പങ്കുവെച്ചു.
പോസ്റ്റിന് ഇടതു യുവ നേതാക്കള്‍ കമന്‍റും ചെയ്തു. 'മുരളിയേട്ടാ' എന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്‍റെ കമന്‍റ്. 'നൈസ് സോങ്' എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും കമന്‍റുചെയ്തു.
ബിജെപി വിട്ട സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിച്ചതിനു പിന്നിലെ നിർണായക നീക്കങ്ങള്‍ നടത്തിയത് കെ.സി. വേണുഗോപാൽ എംപിയാണ്. വി.ഡി. സതീശനും ഷാഫി പറമ്പിലും സന്ദീപ് വാര്യരുമായി ചർച്ച നടത്തി. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. രണ്ട് ദിവസം കൊണ്ടാണ് ഈ നീക്കങ്ങളൊക്കെ നടത്തിയത്. യുഡിഎഫിലെ പ്രധാന സഖ്യ കക്ഷിയായ മുസ്ലിം ലീഗിനെയും വിഷയം ബോധ്യപ്പെടുത്തി. ഇതിനു പിന്നാലെയാണ് കോൺഗ്രസിൻ്റെ വാർത്താസമ്മേളനത്തിനിടയിലേക്കുള്ള സന്ദീപിന്‍റെ 'അപ്രതീക്ഷിത' കടന്നുവരവ്. മുദ്രാവാക്യം വിളികളോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ സന്ദീപിനെ സ്വീകരിച്ചത്. 'വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഫാക്ടറി വിട്ട് സ്നേഹത്തിന്‍റെ കടയിലേക്ക്', എന്നായിരുന്നു സന്ദീപ് വാര്യരുടെ ആദ്യ പ്രതികരണം.
Also Read: "ശാഖയ്ക്ക് കാവൽ നിൽക്കണമെന്ന് തോന്നിയാൽ KPCC പ്രസിഡന്‍റുണ്ട്, RSS നേതാക്കളെ പൂവിട്ടു പൂജിക്കണമെങ്കിൽ പ്രതിപക്ഷ നേതാവ് കൂടെയുണ്ട്"
ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ സന്ദീപിനെ സിപിഎമ്മിലേക്ക് എത്തിക്കാനും നീക്കങ്ങള്‍ നടന്നിരുന്നു. സന്ദീപ്- ബിജെപി തർക്കം പ്രയോജനപ്പെടുത്തണമെന്ന നിലപാടിലായിരുന്നു കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനടക്കമുള്ള ചില സിപിഎം നേതാക്കൾ. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും നിലപാട് സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് ക്ഷണിക്കേണ്ടെന്നായിരുന്നു.