NEWSROOM

വഖഫ് ഭേദഗതി ബില്‍: ചര്‍ച്ചയില്‍ മലയാളത്തില്‍ സംസാരിച്ച് കെ. രാധാകൃഷ്ണന്‍; തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് സുരേഷ് ഗോപി

മുസ്ലീം വിഭാഗങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായുള്ള അവകാശമുണ്ടാകണം. അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല.

Author : ന്യൂസ് ഡെസ്ക്

വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ മലയാളത്തില്‍ സംസാരിച്ച് ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന്‍. മാര്‍ട്ടിന്‍ നിയോമുള്ളറുടെ ഫാസിസത്തിനെതിരായ 'ആദ്യം അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു' എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കെ. രാധാകൃഷ്ണന്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്.

ന്യൂനപക്ഷ വകുപ്പ് മന്ത്രി പറഞ്ഞത് ഈ ബില്‍ കൊണ്ടു വന്നത് മുസ്ലീം വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടിയാണെന്നാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടിയൊന്നുമല്ല ബില്‍ കൊണ്ടു വന്നതെന്ന് ബില്‍ കൊണ്ടു വന്ന സര്‍ക്കാരിന് തന്നെയറിയാമെന്നും ബില്ലിനെ എതിര്‍ത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മഹാ ഭൂരിപക്ഷത്തെയും ബാധിക്കുന്ന വിഷയങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കുന്നതിന് പകരം തെറ്റായ സമീപനത്തിലൂടെ അവരെ ഭിന്നിപ്പിക്കാനുള്ള വലിയ ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഓരോ ഘട്ടത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്ലീം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മഹാഭൂരിപക്ഷം വരുന്ന ജനതയെക്കൊണ്ടും ചിന്തിപ്പിക്കണം. അങ്ങനെ വിഭജനം ഉണ്ടാക്കുക എന്ന തന്ത്രം ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. അത് പറയാതെ മുസ്ലീം ജനവിഭാഗത്തിലെ പാവപ്പെട്ടവരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് വേണ്ടിയാണ് ബില്‍ കൊണ്ടു വരുന്നത് എന്ന് പറയരുതെന്നും എംപി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തില്‍ വരുന്ന പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ ആദ്യം അവര്‍ക്കുവേണ്ടിയുള്ള സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുക എന്നതാണ്. എന്നാല്‍ സ്‌കോളര്‍ഷിപ്പ് ഓരോ വര്‍ഷവും കുറച്ചുകൊണ്ടിരിക്കുന്നു എന്നുള്ള യാഥാര്‍ഥ്യം കാണാതെ പോകരുത്. ലക്ഷ്യം കുട്ടികളിലെ വളര്‍ച്ചയോ പുരോഗതിയോ അല്ല. മറിച്ച് അവരുടെ തകര്‍ച്ച തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സിപിഐഎം ഈ ബില്ലിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഈ ബില്ല് വഖഫ് സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കാനും ഈ ബില്ലിന് സാധിക്കും.

മുസ്ലീം വിഭാഗങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായുള്ള അവകാശമുണ്ടാകണം. അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്ലീം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും എംപി പറഞ്ഞു.


മറ്റു മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ? 1987ല്‍ കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഒരിക്കല്‍ ഒരാളുടെ പേരിന് ക്രിസ്ത്യന്‍ പേരുമായി ബന്ധപ്പെട്ട് സാമ്യം വന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഒരിക്കല്‍ ഉണ്ടായെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ താത്പര്യങ്ങള്‍ ഉണ്ടെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനിടയില്‍ സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടാകുമെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ സുരേഷ് ഗോപി തന്റെ പേര് അനാവശ്യമായി വലിച്ചിട്ടെന്ന് ആരോപിച്ച് രംഗത്തെത്തി. കേരള നിയമസഭ വഖഫ് ഭേദഗതി ബില്ലിനെതിരെ പാസാക്കിയ പ്രമേയം നാളെ വലിച്ചെറിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

SCROLL FOR NEXT