പാർട്ടിയുടെ നിലപാട് ആരു പറഞ്ഞാലും അത് പാർട്ടി നിലപാട് തന്നെയാകുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. സിപിഐ എക്സിക്യൂട്ടീവോ കൗൺസിലോ ഭിന്നതയുടെ കേന്ദ്രമല്ല. ഇപ്പോൾ പാർട്ടി എടുത്ത എല്ലാ നിലപാടും ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. സെക്രട്ടറി ബിനോയ് വിശ്വം ഒറ്റപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഒറ്റപ്പെട്ടാൽ പിന്നെ സംഘടന ഉണ്ടാവില്ല. അത്തരമൊരു സംഭവങ്ങളും ഉണ്ടായിട്ടില്ല. സിപിഐയിൽ നടക്കുന്നത് ആരോഗ്യകരമായ ചർച്ച മാത്രമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.
അതേസമയം, എഡിജിപിയെ മാറ്റിനിര്‍ത്തുന്നത് സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എഡിജിപിയെ പുറത്താക്കിയില്ലെങ്കില്‍ എന്തു ചെയ്യണം എന്ന നിലപാടിലേക്ക് പാർട്ടി എത്തിയിട്ടില്ലെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.
അതേസമയം, എഡിജിപി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞിരുന്നു. ഡിജിപിയുടെ റിപ്പോർട്ട് വരും വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി സിപിഐയോട് ആവശ്യപ്പെട്ടതായും ബിനോയ് വിശ്വം പറഞ്ഞു.
എന്നാൽ എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബുവിന്റെ പ്രതികരണത്തില്‍ ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സിപിഐക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.
ജനയുഗത്തില്‍ ലേഖനം എഴുതിയതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയെ കാര്യം അറിയിച്ചിരുന്നുവെന്നാണ് പ്രകാശ് ബാബു പറഞ്ഞത്.