തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പൂരത്തിന്റെ എല്ലാ കാര്യങ്ങളും ചെയ്തത് എഡിജിപി എം.ആർ. അജിത് കുമാർ ആണ്. പൂരം കലക്കാൻ ആസൂത്രണം ചെയ്തതും ഇദ്ദേഹം തന്നെയാണ് എന്നിട്ടും ആ ഉദ്യോഗസ്ഥനെതിരെ നടപടിയില്ല എന്നും കെ. സുധാകരൻ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടുവെന്നും സുധാകരൻ ആരോപിച്ചു.
ഒരു ഭാഗത്ത് മുഖ്യമന്ത്രി അജിത് കുമാറിനെയും, അൻവറിനേയും വിമർശിക്കുന്നു. മറുഭാഗത്ത് മുഖ്യമന്ത്രി രണ്ടുപേരെയും സംരക്ഷിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇരട്ടമുഖമാണ് ഉള്ളത്. എന്തിനാണ് അൻവറിനെ ഇപ്പോഴും പാർലിമെന്ററി പാർട്ടിയിൽ വച്ചിരിക്കുന്നതെന്നും, അഭിമാനബോധമുള്ള പാർട്ടി നേതാക്കൾക്ക് അതിന് കഴിയില്ലെന്നും കെ. സുധാകരൻ പറഞ്ഞു. അൻവർ ഇടത്പക്ഷത്ത് തുടരണോ എന്നത് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അൻവറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തത് ഭയം മൂലം. പുറത്താക്കിയാൽ പലകാര്യങ്ങളും പുറത്ത് വരും. തനിക്കെതിരെ നടപടിയെടുത്താൽ സത്യങ്ങൾ പുറത്ത് പറയുമെന്ന് അൻവർ മുഖ്യമന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കെ. സുധാകരൻ ആരോപിച്ചു.
Also Read; അൻവറിനെ ക്ഷണിച്ചത് അറിഞ്ഞിട്ടില്ല; നിലമ്പൂർ മണ്ഡലം പ്രസിഡൻ്റിനെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി
അൻവറിപ്പോഴും പലതും മൂടിവച്ചാണ് സംസാരിക്കുന്നത്. എഡിജിപിയും പലതും മൂടിവച്ചാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രവർത്തനങ്ങൾ ഗുണം ചെയ്യുന്നത് മുഖ്യമന്ത്രിക്കാണ്. അല്ലെങ്കിൽ എന്തുകൊണ്ട് ഇതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു. സത്യാവസ്ഥ പുറത്തുവരണമെന്ന് മുഖ്യമന്ത്രിക്ക് താല്പര്യമില്ലെന്നും സത്യം പുറത്തുവരുമെന്ന പ്രതീക്ഷ ഞങ്ങൾക്കും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.