പിണറായി വിജയന്റെ പാർട്ടിയിൽ നിന്നുപോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. നേരത്തെ പറഞ്ഞത് പോലെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍.
സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സർക്കാറിന് എങ്ങനെ ജനങ്ങളോട് വോട്ട് ചോദിക്കാൻ സാധിക്കും. കോൺഗ്രസിന് പ്രതീക്ഷിക്കാൻ ഇല്ലെങ്കിൽ പിന്നെ മറ്റാർക്കാണ് പ്രതീക്ഷിക്കാനുള്ളതെന്നും കെ. സുധാകരൻ പറഞ്ഞു.
ALSO READ: ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, വയനാട്ടിൽ പ്രിയങ്ക ഗാന്ധി തന്നെ
പിണറായി വിജയന്റെ ഭരണത്തിൽ രക്തസാക്ഷികളായി ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിൽ ഉള്ളത്. പിണറായി വിജയന്റെ പാർട്ടിയിൽ നിന്ന് പോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടും. സിപിഎമ്മിനോട് ഉള്ള വൈരാഗ്യമാണ് ആ വോട്ടിന് കാരണം. സിപിഎം ബിജെപി ബന്ധത്തിളുള്ള എതിർപ്പാണ് അതെന്നും കെ. സുധാകരൻ പറഞ്ഞു.
മൂന്ന് നിയോജകമണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കും. പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് പറയാൻ പോയാൽ ജനങ്ങൾ കാർക്കിച്ച് തുപ്പും. മനുഷ്യത്വം കാണിക്കാത്ത സർക്കാർ ആണ് ഇപ്പോഴത്തെ സർക്കാർ. നിലവിലെ സർക്കാരിനെതിരെ പ്രതികാര ദാഹത്തോടെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.