NEWSROOM

എന്ത് ഡീലാണ് നടന്നതെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കണം; വീണ വിജയനെ ചോദ്യം ചെയ്തതില്‍ കെ. സുരേന്ദ്രന്‍

യുഡിഎഫിന്റെ പല ഉന്നത നേതാക്കളും ഈ കേസില്‍ കൂട്ടുപ്രതികളാണെന്നും കെ. സുരേന്ദ്രൻ

Author : ന്യൂസ് ഡെസ്ക്

സിഎംആര്‍എല്‍ മാസപ്പടി കേസിൽ വീണ വിജയനെതിരായ എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) നടപടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പ്രഹസനം മാത്രമാണെന്നായിരുന്നു വി.ഡി സതീന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് മനപൂര്‍വം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യാത്തത് ഡീലിന്റെ ഭാഗമാണ് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ഇപ്പോള്‍ ചോദ്യം ചെയ്തതിനെയും ഡീലിന്റെ ഭാഗം എന്ന് പറയുന്നത്.


കോണ്‍ഗ്രസോ പ്രതിപക്ഷ നേതാവോ ആരോപണം ഉന്നയിച്ചത് കൊണ്ട് വന്ന കേസല്ല ഇത്. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് കൊണ്ട് വന്ന കേസാണ്. മാസപ്പടി കേസില്‍ ഗാലറിയില്‍ ഇരുന്ന് കളി കാണുന്നവരാണ് വി. ഡി. സതീശന്‍. യുഡിഎഫിന്റെ പല ഉന്നത നേതാക്കളും ഈ കേസില്‍ കൂട്ടുപ്രതികളാണ്. വീണ വിജയന്റെ ഒരു കോടി 20 ലക്ഷം രൂപ മാത്രമല്ല ഇതിലുള്ളത്. എന്ത് ഡീലാണ്, എവിടെയാണ് ഡീല്‍ എന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

രേഖാമൂലം അല്ലാത്ത കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്ത കേസും ആണിത്. ബാങ്ക് അക്കൗണ്ടില്‍ അല്ല പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും പണം വാങ്ങിയത്. മൂന്ന് കോടതികളിലെ വ്യവഹാരം കൊണ്ടാണ് കാലതാമസം ഉണ്ടായത്. മാസപ്പടി കേസില്‍ സിപിഎമ്മിനെ പോലെ തുല്യ ഉത്തരവാദിത്തം യുഡിഎഫിനുമുണ്ട്. അല്ലാതെ ഡീല്‍ കൊണ്ടല്ല.

സതീശന്‍ നടത്തുന്നത് അമേദ്യ ജല്‍പനമാണ്. ഒരു സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താനും അല്ല. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല. കരുവന്നൂര്‍ കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. കരുവന്നൂര്‍ കേസ് ഒത്തുതീര്‍ന്നു എന്ന് ആരാണ് പറഞ്ഞത്. സതീശന്‍ പുനര്‍ജനി ഇടപാടില്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നത് എന്താണ്. പിണറായി വിജയനും വി.ഡി. സതീശനും തമ്മിലാണ് യഥാര്‍ഥ ഡീല്‍. തെരഞ്ഞെടുപ്പിന് അന്വേഷണവുമായി ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണെന്ന് വരുത്തിതീര്‍ക്കുകയാണ് എസ്എഫ്‌ഐഒയുടെ നടപടിയുടെ ലക്ഷ്യമെന്നും
മുഖ്യമന്ത്രി പിണറായി വിജയനും കെ. സുരേന്ദ്രനും പരസ്പരം സഹായിക്കുകയാണെന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം.

SCROLL FOR NEXT