പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിവും മിടുക്കുമുള്ള ചെറുപ്പക്കാരെ ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തപ്പോൾ വല്ലാത്ത പ്രചരണമാണ് നടക്കുന്നത്. 40 വയസിൽ താഴെയുള്ള 4 പേർ പുതിയ പ്രസിഡൻ്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകും. ചായക്കോപ്പയിലെ കൊടുങ്കാറ്റായി അത് അവസാനിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിജെപിക്കുണ്ടായ വളർച്ച മാധ്യമങ്ങൾ മനസിലാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പഴയ കാലഘട്ടമല്ല. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. പുതിയ കാലത്തിന് അനുസരിച്ച് പുതിയ നേതാക്കളെ സൃഷ്ടിക്കുകയാണ് ബിജെപി. തനിക്കും രമേശിനും ശോഭക്കു മെല്ലാം യുവമോർച്ച കാലം മുതൽ അവസരം ലഭിച്ചത് കൊണ്ടാണ് ഈ നിലയിൽ എത്തി നിൽക്കുന്നത്. ജില്ല അധ്യക്ഷൻമാരുടെ കാര്യത്തിൽ സമഗ്രമായ പാനൽ ആണ് ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സന്ദീപ് വാര്യർ പാല വീണ ചെകുത്താനായി നടക്കുന്നു. അയാൾക്ക് അയാളുടെ കാര്യം പോലും പറയാനാവാത്ത സ്ഥിതിയാണ്. അടുത്ത സംഘടന തെരഞ്ഞെടുപ്പിൽ ഒരു മുസ്ലീം ജില്ലാ പ്രസിഡൻ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി മുസ്ലീം പ്രതിനിധികൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിക്കുന്നുണ്ട്. മൂന്നിടങ്ങളിൽ കുറച്ച് കൂടി പരിശോധന ആവശ്യമാണ് അതുകൊണ്ടാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ കെപിസിസിയുടെ കാക്കത്തൊള്ളായിരം വക്താക്കളിൽ ഒരാളാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
സംസ്ഥാനത്തെ 18000ൽ അധികം ബൂത്തുകളിൽ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ബൂത്തുകളിലും 50% ൽ അധികം ആളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കാളികളായി. 284 മണ്ഡലം കമ്മറ്റികളിൽ 34 വനിത പ്രസിഡൻ്റ്മാർ ബിജെപിക്കുണ്ട്. മറ്റൊരു പാർട്ടിയിലും ഇത്രയധികം വനിത പ്രാതിനിധ്യം ഉണ്ടായിട്ടില്ല. സിപിഎമ്മിന് രണ്ട് ഏരിയ സെക്രട്ടറിമാർ മാത്രമാണ് വനികളായുള്ളത്. 14 ക്രിസ്ത്യൻ മണ്ഡലം പ്രസിഡൻ്റുമാർ, 32 പേർ എസ് സി-എസ് ടി വിഭാഗത്തിൽ നിന്നുള്ളവർ. 30 ൽ 27 ജില്ലകളിലും പ്രസിഡൻ്റുമാരുടെ നാമനിർദ്ദേശം പൂർത്തീകരിച്ചുവെന്നും സുരേന്ദ്രൻ അറിയിച്ചു. 27 ജില്ലകളിൽ 4 പേർ വനിതകളാണ്. കഴിവും പ്രാപ്തിയും ഉള്ള വനിതകളെയാണ് ബിജെപി തെരഞ്ഞെടുത്തതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.