കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ചർച്ചയാവുന്നതിനിടെ സ്ക്രീൻഷോട്ട് പങ്കുവച്ചയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം. അമ്പാടിമുക്ക് സഖാക്കൾ പേജിന്റെ അഡ്മിൻ കെ.കെ. മനീഷിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. കണ്ണൂർ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായാണ് മനീഷിനെ തെരഞ്ഞെടുത്തത്. കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുവെന്ന് നേരത്തെ മനീഷ് പോലീസിൽ മൊഴി നൽകിയിരുന്നു.
അതേസമയം വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ പോസ്റ്റ് നിർമിച്ചതിൻറെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആരോപണത്തിൽ പിടിച്ചെടുത്ത ഫോണുകളുടെ ഫൊറൻസിക് പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്നും മതസ്പർധ വളർത്തുന്നുവെന്ന കുറ്റം ഉൾപ്പെടുത്തുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണം കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിന് തലേന്നാണ് മുഹമ്മദ് ഖാസിമിൻ്റെ പേരിലുള്ള വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാവായ റിബേഷിൻ്റെ ഫോണിൽ നിന്നാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചതെന്നും കണ്ടെത്തിയിരുന്നു.