NEWSROOM

കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണം: അമ്മയുടെ മൃതദേഹം വെള്ളത്തുണികൊണ്ട് മൂടി പൂക്കള്‍ വിതറിയ നിലയില്‍; സമീപം ഹിന്ദിയില്‍ ഒരു കുറിപ്പും

ആറ് ദിവസം കഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചിറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്


എറണാകുളം കാക്കനാട്ടെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അഡീഷണല്‍ കമ്മീഷര്‍ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ എത്തി വീടിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്.

സഹോദരി ശാലിനിയുടെ പേരില്‍ ഐഎഎസ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് കേസ് ഉണ്ടായിരുന്നതായും ഇതിന്റെ ആവശ്യത്തിനാണ് ലീവ് എടുക്കുന്നതെന്ന് മനീഷ് പറഞ്ഞിരുന്നതായുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ജാര്‍ഖണ്ഡ് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു സഹോദരി. അടുത്ത് താമസിക്കുന്നവരുമായി മനീഷും കുടുംബവും അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

മൂന്ന് ദിവസം ലീവെടുത്ത് സ്വന്തം നാടായ ജാര്‍ഖണ്ഡിലേക്ക് പോവുകയാണെന്ന് പറഞ്ഞ മനീഷിനെ ആറ് ദിവസം കഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചിറങ്ങിയത്.

അന്വേഷണത്തില്‍ മനീഷ് ജാര്‍ഖണ്ഡില്‍ എത്തിയില്ലെന്ന് മനസിലാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മനീഷിന്റെയും സഹോദരിയുടെയും മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. എന്നാല്‍ അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു. അമ്മയുടെ മൃതദേഹം വെള്ളത്തുണികൊണ്ട് പുതച്ച് അതിന്മേല്‍ പൂക്കള്‍ വിതറിയ നിലയിലായിരുന്നു. സമീപത്ത് ഒരു കുടുംബ ഫോട്ടോയും ഹിന്ദിയിലുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 

മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുക.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT