NEWSROOM

കാക്കനാട് യുവാക്കള്‍ക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി; മൂവരും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെന്നാണ് പൊലീസ്

യുവാക്കളെ വിട്ട് കിട്ടാന്‍ സ്റ്റേഷന്‍ പരിസരത്ത് കുടുംബാംഗങ്ങള്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

Author : ന്യൂസ് ഡെസ്ക്


എറണാകുളം കാക്കനാട് അമ്പലമേട് സ്റ്റേഷനില്‍ യുവാക്കള്‍ക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി. മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. അഖില്‍ ഗണേഷ്, അജിത് ഗണേഷ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് വൈദ്യ പരിശോധനയ്ക്കായി ഇറക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. യുവാക്കളെ വിട്ട് കിട്ടാന്‍ സ്റ്റേഷന്‍ പരിസരത്ത് കുടുംബാംഗങ്ങള്‍ എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പൊലീസ് സ്റ്റേഷന്‍ അകത്ത് വച്ചും സംഘര്‍ഷമുണ്ടായി.

മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്. ഇവര്‍ക്കെതിരെ മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഖില്‍ ഗണേഷ് കാപ്പാ കേസ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. നിലവില്‍ 17 കേസുകളാണ് അഖില്‍ ഗണേഷിനെതിരെയുള്ളത്. സഹോദരന്‍ അജിത് ഗണേഷിനെതിരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ പോലീസ് സ്റ്റേഷഷന് അകത്തു നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. മുപ്പതിനായിരം രൂപയുടെ നാശ നഷ്ടമുകണ്ടാക്കി എന്നാണ് പ്രാഥമിക കണക്ക്. പ്രതികള്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതിനും മോഷണത്തിനും കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്കായി യുവാക്കളെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


SCROLL FOR NEXT