NEWSROOM

സിപിഎമ്മില്‍ മനുഷ്യത്വം നിലച്ചു, ഡിവൈഎഫ്‌ഐ നേതാവിന് താക്കോല്‍ കൊടുത്തത് മാത്യു കുഴല്‍നാടന്‍ ആണോ?; വീണ്ടും വിമര്‍ശനവുമായി കല രാജു

ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചിട്ടാണോ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് പറയുന്നതെന്നും കല രാജു ചോദിക്കുന്നു.

Author : ന്യൂസ് ഡെസ്ക്


സിപിഎമ്മില്‍ മനുഷ്യത്വം നിലച്ചു എന്ന് കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലര്‍ കല രാജു. പൊതുജന മധ്യത്തില്‍ തന്റെ വസ്ത്രം വലിച്ചിഴച്ചു. ആ സമയം സഹായിച്ചത് കോണ്‍ഗ്രസ് ആണെന്നും കല രാജു പറഞ്ഞു.

സഹായിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കൈ വിരല്‍ ഒടിഞ്ഞു. അതിക്രമത്തിന് ശേഷം സിപിഎം നേതാക്കള്‍ ആരും വിവരം അന്വേഷിച്ചില്ല. നെഞ്ചു വേദന ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവിശ്വാസ പ്രമേയ ചര്‍ച്ച കഴിയട്ടെ എന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. വായ്പയുടെ കാര്യങ്ങള്‍ താന്‍ കൊടുത്ത കേസുമായി കൂട്ടി കുഴക്കുന്നത് എന്തിനാണെന്നും കല രാജു ചോദിച്ചു.

വായ്പയുടെ കാര്യങ്ങളൊക്കെ വന്നത് ഈ കേസിന് ശേഷം. ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചിട്ടാണോ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് പറയുന്നതെന്നും കല രാജു ചോദിക്കുന്നു.

തട്ടിക്കൊണ്ടു പോകലിന് നേതൃത്വം കൊടുത്തത് മാത്യു കുഴല്‍ നാടന്‍ എന്ന പി.ബി. രതീഷിന്റെ പ്രസ്താവനയ്‌ക്കെതിരെയും കലാ രാജു രംഗത്തെത്തി. ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അശോകനാണ് കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സന്റെ വാഹനത്തില്‍ കടത്തിക്കൊണ്ടു പോയത്. അരുണ്‍ അശോകിനെ താക്കോല്‍ ഏല്‍പ്പിച്ചത് മാത്യു കുഴല്‍നാടന്‍ ആണോ? തന്റെ ജീവന് ഗ്യാരണ്ടി ഇല്ല. ആശുപത്രി വിട്ടാലും കൂത്താട്ടുകുളത്തേക്ക് പോകാന്‍ ഭയമാണെന്നും കല രാജു പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ല. പേരെടുത്ത് പറഞ്ഞിട്ടും ആര്‍ക്കെതിരെയും ഒരു നടപടിക്കും പൊലീസ് മുതിര്‍ന്നിട്ടില്ല. പാര്‍ട്ടിയില്‍ വിശ്വാസം ഇല്ല. പാര്‍ട്ടിയുമായി സഹകരിച്ച് പോകണമോ എന്ന് രണ്ട് തവണ ആലോചിക്കും. 25 വര്‍ഷം പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി നല്‍കിയ സമ്മാനമിതാണ്. പാര്‍ട്ടി ജീവന്‍ ആയിരുന്നുവെന്നും കല രാജു പറഞ്ഞു.

അതേസമയം കല രാജുവിനെ സിപിഎം തട്ടിക്കൊണ്ടു പോയി എന്നത് കള്ളമാണെന്ന് ആവര്‍ത്തിച്ച് ഏരിയ സെക്രട്ടറി പി.ബി. രതീഷ്. കല രാജുവിനെ തടഞ്ഞു വെച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കല രാജുവിനെ മാത്രമല്ല മക്കളെയും കോണ്‍ഗ്രസ് തട്ടിക്കൊണ്ടുപോയി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയതെന്നും പി.ബി. രതീഷ് പറഞ്ഞു.

SCROLL FOR NEXT