NEWSROOM

കളമശേരി ജെയ്സി കൊലപാതകം; രണ്ട് പ്രതികള്‍ പിടിയില്‍, അരുംകൊല സ്വർണവും പണവും തട്ടിയെടുക്കാനായി

കൊലപാതകം നടത്തിയത് നവംബർ 17ന് രാവിലെ 11.30 ഓടെ ആണെന്നാണ് പ്രതിയുടെ മൊഴി

Author : ന്യൂസ് ഡെസ്ക്

കളമശേരി ജെയ്സി എബ്രഹാം കൊലപാതകക്കേസിൽ രണ്ട് പ്രതികള്‍ പിടിയിൽ. കാക്കനാട് സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരനുമായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഗിരീഷിന്‍റെ അടുത്ത സുഹൃത്തുകൂടിയായ ജെയ്സിയുടെ പക്കല്‍ നിന്നും സ്വർണവും പണവും തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

നവംബർ 17ന് രാത്രിയാണ് കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ടുമെൻറിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖം വികൃതമാക്കിയ നിലയില്‍ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തില്‍ ജെയ്സിയുടെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഇതോടെയാണ് ജെയ്സിയുടേത് കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

Also Read: നാല് പേരുടെ ജീവനെടുത്ത കുസാറ്റ് അപകടത്തിന് ഒരു വര്‍ഷം; കടലാസിലൊതുങ്ങി തുടര്‍ നടപടികള്‍


കൊലപാതകം നടത്തിയത് നവംബർ 17ന് രാവിലെ 11.30 ഓടെ ആണെന്നാണ് പ്രതിയുടെ മൊഴി. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശേരിയിലെ അപ്പാർട്ട്മെന്‍റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. കൊലപാതകം നടന്ന ദിവസം ഈ അപ്പാർട്ട്മെന്‍റിലേക്ക് ഹെല്‍മെറ്റ് ധരിച്ച യുവാവ് എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഗിരീഷ് പിടിയിലായത്.


SCROLL FOR NEXT