ദേശീയ ഗെയിംസിന്റെ മത്സരവിഭാഗത്തില്‍ നിന്നും കളരിപ്പയറ്റിനെ ഒഴിവാക്കി ഒളിമ്പിക് അസോസിയേഷന്. മത്സരവിഭാഗത്തില്‍ കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷയായ പി.ടി. ഉഷ മറുപടി നല്‍കിയത്.
ഗെയിംസിന്റെ പ്രദര്‍ശന വിഭാഗത്തില്‍ മാത്രം കളരിപ്പയറ്റ് ഉള്‍പ്പെടുത്തുമെന്നും മറുപടിയില്‍ പറയുന്നു. കേരളത്തിലും അടുത്ത സംസ്ഥാനങ്ങളിലും മാത്രമാണ് കളരിപ്പയറ്റിന് പ്രചാരമുള്ളൂവെന്നാണ് വിശദീകരണം. ദേശവ്യാപകമായി കളരിപ്പയറ്റ് ഇല്ലെന്നും ഒളിമ്പിക് അസോസിയേഷന് പറയുന്നു.
ഈ മാസം 28 നാണ് ഉത്തരാഖണ്ഡില്‍ ദേശീയ ഗെയിംസ് ആരംഭിക്കുന്നത്. ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുക പ്രയാസകരമായിരിക്കുമെന്നായിരുന്നു പി.ടി. ഉഷയുടെ പ്രതികരണം. ഗോവ ദേശീയ ഗെയിംസില്‍ മത്സര ഇനമായിരുന്ന കളരിപ്പയറ്റിനെ ഇത്തവണത്തെ ആതിഥേയരായ ഉത്തരാഖണ്ഡ് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രദര്‍ശന ഇനം മാത്രമാക്കി മാറ്റുകയായിരുന്നു.
അതേസമയം, കളരിയെ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ, സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മത്സര ഇനമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. അടുത്ത കായികമേള മുതല്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനായി സ്പോര്‍ട്സ് മാന്വല്‍ പരിഷ്കരിക്കുമെന്നുമായിരുന്നു മന്ത്രി അറിയിച്ചത്.
അടുത്തവര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് അണ്ടര്‍ 14,17,19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സര ഇനമായി ഉള്‍പ്പെടുത്താനാണ് തീരുമാനം.