മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസില്‍ ഒന്നാം പ്രതി. അനിലിന് പുറമെ ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ രണ്ടും മൂന്നും നാലും പ്രതികളാണ്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നും എഫ്‌ഐആറില്‍ പറയുന്നു. 2009 ലാണ് കേസിനാസ്പദമായ സംഭവം. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അനില്‍ കുമാറും കലയും. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണുണ്ടായിരുന്നത്.
മിശ്ര വിവാഹമായിരുന്നതിനാല്‍ അനില്‍ കുമാറിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. ഇതില്‍ ഇരുവര്‍ക്കും ഒരു മകനുമുണ്ട്. കലയും ഭര്‍ത്താവ് അനില്‍ കുമാറും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിദേശത്തായിരുന്ന അനില്‍ കുമാര്‍ നാട്ടിലെത്തിയ സമയത്താണ് കലയുടെ തിരോധാനം. മറ്റൊരാളുമായി ബന്ധമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ശേഷം മൃതദേഹം മാരുതിക്കാറിലാണ് കൊണ്ടുപോയതെന്നും എഎഫ്‌ഐആറില്‍ പറയുന്നു. മൃതദേഹം മറവു ചെയ്യാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് മറ്റ് പ്രതികള്‍ കൂട്ടുനിന്നത്.ഭാരതീയ നാഗരിക് സുരക്ഷ സംഹിത നിയമപ്രകാരം പ്രതികള്‍ക്കെതിരെ302, 201, 34 എന്നീവകുപ്പുകള്‍ ആണ് ചുമത്തിയത്. 5 വര്‍ഷം മുന്‍പ നടന്ന കൊലപാതകത്തിന് തുമ്പായത് രണ്ട് ഊമക്കത്തുകളാണ്. കല കൊല്ലപ്പെട്ടുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കൊല നടത്തിയതെങ്ങനെയെന്നും പ്രതികളെക്കുറിച്ചുള്ള സൂചനയും പൊലീസിന് ലഭിച്ചതും ഇതില്‍ നിന്നായിരുന്നു.
കൊലപ്പെടുത്തിയ രീതിയും കൊലപാതകത്തില്‍ പങ്കുള്ളവരുടെ പേരുകളും ഉള്‍പ്പടെ വിശദമായി കത്തിലുണ്ടായിരുന്നു. രണ്ട് കത്തുകളാണ് പൊലീസിന് ലഭിച്ചത്. അതില്‍ രണ്ടാമത്തെ കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന്റെ നിര്‍ദേശത്തില്‍ അന്വേഷണം ആരംഭിക്കുന്നത്.