നടൻ കാളിദാസ് ജയറാമിനും സുഹൃത്ത് താരിണി കലിംഗരായർക്കും പ്രണയസാഫല്യം. ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് ഇരുവരും തമ്മിലുള്ള വിവാഹം നടന്നു. വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കൊപ്പം സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കാളികളായി.
രാവിലെ 7.15നും 8നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കാളിദാസൻ്റെ മാതാപിതാക്കളായ ജയറാമിനും പാർവതിക്കും ഒപ്പം താരിണിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി, സംവിധായകൻ മേജർ രവി തുടങ്ങിയവരും വധൂവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു. മാതാപിതാക്കൾ എന്ന നിലയിൽ വലിയ സന്തോഷം നിറഞ്ഞ നിമിഷമാണിതെന്ന് ജയറാമും പാർവതിയും പ്രതികരിച്ചു.
ഒരു വർഷം മുൻപാണ് വിവാഹ നിശ്ചയം നടന്നത്. കാളിദാസിന്റെയും താരണിയുടെയും പ്രീ-വെഡ്ഡിങ് ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ വെച്ച് നടന്നത്. ബന്ധുക്കൾക്കും വിവിധ മേഖലകളിൽ നിന്നുള്ള സുഹൃത്തുക്കൾക്കുമായി ഈ മാസം 11ന് ചെന്നൈയിൽ വിപുലമായ വിവാഹ സൽക്കാര വിരുന്നൊരുക്കുമെന്നും വധൂവരന്മാരുടെ ബന്ധുക്കൾ അറിയിച്ചു.