NEWSROOM

ആശങ്കയൊഴിയാതെ കാളികാവ്; നരഭോജി കടുവയ്ക്കായി തെരച്ചിൽ ഊർജിതം

കടുവയെ മയക്കുവെടി വെച്ച് പിടികൂടാനായി 20 പേരടങ്ങുന്ന മൂന്ന് ആ‍ർആർടി സംഘമുണ്ട്. തെരച്ചിലിനായി രണ്ട് കുങ്കിയാനകളും ഉണ്ടാകും

Author : ന്യൂസ് ഡെസ്ക്

മലപ്പുറം കാളികാവിൽ നരഭോജി കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനായി 20 പേരടങ്ങുന്ന മൂന്ന് ആ‍ർആർടി സംഘമുണ്ട്. തെരച്ചിലിനായി രണ്ട് കുങ്കിയാനകളും ഉണ്ടാകും. പ്രദേശത്ത് 50ലേറെ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വനത്തിൽ സ്ഥാപിച്ച 50ലേറെ ക്യാമറകളിൽ കടുവ സാന്നിധ്യം ഉണ്ടോ എന്ന് പ്രത്യേകസംഘത്തിന്റെ പരിശോധനയും നടത്തും.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം സജ്ജമാണ്.

മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. ​കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ​ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ഗഫൂറിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചിരുന്നു.

അതെസമയം, കടുവയെ പിടികൂടാനാകത്തതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തി.

SCROLL FOR NEXT