ബിഗ് സ്ക്രീനില്‍ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്. മിത്തും ഫിക്ഷനും ഫാന്‍റസിയുമൊക്കെ കൂടിചേര്‍ന്ന കഥാപശ്ചാത്തലത്തെ സാങ്കേതിക തികവോടെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആഗോള കളക്ഷനില്‍ 1200 കോടിയോളം കളക്ഷന്‍ നേടിയ കല്‍ക്കി, വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ദത്താണ് നിര്‍മിച്ചത്.
തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഓഗസ്റ്റ് 22 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഹിന്ദി സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ : കല്‍ക്കിയെ മലയാളം പറയിച്ച കോഴിക്കോട്ടുകാരി; നീരജയ്ക്ക് കൂടി ഉള്ളതാണ് ആ കൈയ്യടി
ഇന്ത്യയില്‍ നിന്ന് മാത്രം 650 കോടിക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ഹാസന്‍, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, മൃണാള്‍ താക്കൂര്‍, രാജമൗലി, രാംഗോപാല്‍ വര്‍മ എന്നിവര്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.
മഹാഭാരത കഥയില്‍ നിന്ന് ആരംഭിച്ച്, എഡി 2898ലേക്ക് വളരുന്ന കഥാപശ്ചാത്തലമാണ് കല്‍ക്കിയുടെത്. മികവുറ്റ വിഎഫ്എക്സ് രംഗങ്ങളും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.