NEWSROOM

നായകനിലെ ചോദ്യം തഗ്ഗ് ലൈഫിലെ കഥാപാത്രവും നേരിടും: കമല്‍ ഹാസന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്

Author : ന്യൂസ് ഡെസ്ക്



കമല്‍ ഹാസനും തൃഷയും അടുത്തിടെ ചെന്നൈയില്‍ ഫെഡ്രേഷന്‍ ഓഫ് ഇന്ത്യ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമായ തഗ്ഗ് ലൈഫിനെ കുറിച്ചും പരിപാടിയില്‍ ചോദ്യം ഉയര്‍ന്നിരുന്നു. തഗ്ഗ് ലൈഫും കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച നായകനും തമ്മിലുള്ള സാമ്യത്തെ കുറിച്ചും കമല്‍ ഹാസന്‍ സംസാരിച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

തഗ്ഗ് ലൈഫിന്റെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ ആരാധകര്‍ക്ക് 1987ല്‍ പുറത്തിറങ്ങിയ നായകനിലെ ചില ദൃശ്യങ്ങളുമായി ടീസറിന് സാമ്യമുണ്ടെന്ന അഭിപ്രായം ഉണ്ടായിരുന്നു. അതിനാല്‍ തഗ്ഗ് ലൈഫിലെ രങ്കരായ ശക്തിവേല്‍ നായ്കര്‍ നല്ലതാണോ ചീത്തയാണോ എന്ന ചോദ്യത്തിന് കമല്‍ ഹാസന്‍ ആദ്യം ഉത്തരം പറഞ്ഞില്ല. നിലവില്‍ തഗ്ഗ് ലൈഫിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അതിനാല്‍ മണി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ലെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

എന്നാല്‍ തൃഷ സിനിമ കണ്ട ശേഷം തഗ്ഗ് ലൈഫിലെ നായകന്‍ നല്ലതാണോ ചീത്തയാണോ എന്ന് മനസിലാകുമെന്ന് പറഞ്ഞപ്പോള്‍ കമല്‍ ഹാസന്‍ അതിനോട് യോജിച്ചു. 'നല്ലതും ചീത്തയും ഒന്നാണ്. കണക്കാണ് പ്രധാനം. നായകനില്‍ കേന്ദ്ര കഥാപാത്രം നല്ലതാണോ ചീത്തയാണോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. തഗ്ഗ് ലൈഫും അത് തന്നെയാണ് പറഞ്ഞുവെക്കുന്നത്. സിനിമ കണ്ടതിന് ശേഷം നിങ്ങള്‍ക്ക് തോന്നും കേന്ദ്ര കഥാപാത്രം നല്ലതിന്റെയും ചീത്തയുടെയും ഒരു മിശ്രിതമാണെന്ന്', കമല്‍ ഹാസന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. നായകനിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രമായിരുന്നു നായകന്‍. ചിത്രത്തില്‍ ശക്തിവേല്‍ നായ്കര്‍ എന്ന ഗ്യാങ്‌സ്റ്റര്‍ ആയാണ് കമല്‍ ഹാസന്‍ വന്നത്. മുംബൈ അധോലോക നായകനായ വരദരാജന്‍ മുദലിയാറിന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നായകന്‍ നിര്‍മിച്ചത്. ശരണ്യ, ഡല്‍ഹി ഗണേശ്, കാര്‍ത്തിക, നിഴല്‍ഗല്‍ രവി, നാസര്‍, തിന്നു ആനന്ദ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

2025ല്‍ റിലീസ് ചെയ്യാനിരിക്കുന്ന തഗ്ഗ് ലൈഫും ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ്. തൃഷ, സിലമ്പരസന്‍ ടി ആര്‍, അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അഭിരാമി, നാസര്‍, അലി ഫസല്‍, പങ്കജ് തൃപാഠി എന്നിവരാണ് ചിത്രത്തിലെ കേന്ഗ്ര കഥാപാത്രങ്ങള്‍.

SCROLL FOR NEXT