NEWSROOM

''രാമന്റെയല്ല, രാമന്‍റെ അച്ഛന്റെ പാതയാണ് ഞാന്‍ പിന്തുടര്‍ന്നത്''; തഗ് ലൈഫ് പ്രമോഷനില്‍ 'തഗ്' മറുപടി ഓർത്തെടുത്ത് കമല്‍ ഹാസൻ

15 വര്‍ഷങ്ങള്‍ക്ക് മുമ്പ്, എംപി ജോണ്‍ ബ്രിട്ടാസ് മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് താനുമായി നടത്തിയ അഭിമുഖമാണ് കമല്‍ ഹാസന്‍ ഓര്‍ത്തെടുത്തത്.

Author : ന്യൂസ് ഡെസ്ക്


നടന്‍ കമല്‍ ഹാസന്‍ തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ, സിലമ്പരസന്‍ (ചിമ്പു) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് കമല്‍ഹാസന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച് രണ്ട് വിവാഹം കഴിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് തൃഷയോടാണ് ആദ്യം ചോദ്യമുയർന്നത്. എന്നാല്‍ തനിക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്നായിരുന്നു നടി മറുപടി പറഞ്ഞത് സംഭവിച്ചാല്‍ അത് നല്ലതാണ്. അല്ലെങ്കിലും കുഴപ്പമില്ലെന്നും നടി പറഞ്ഞു.

ഇതേ ചോദ്യം കമലിനോട് ചോദിച്ചപ്പോള്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ്, എംപി ജോണ്‍ ബ്രിട്ടാസ് മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് താനുമായി നടത്തിയ അഭിമുഖമാണ് കമല്‍ ഹാസന്‍ ഓര്‍ത്തെടുത്തത്.

'ഇത് നടക്കുന്നത് 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എംപി ജോണ്‍ ബ്രിട്ടാസ് എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. കുറേ കോളേജ് കുട്ടികള്‍ക്കൊപ്പമായിരുന്നു അഭിമുഖം. അവിടെ നിന്നും അദ്ദേഹം എന്നോട് ചോദിച്ചു നിങ്ങള്‍ ഒരു നല്ല ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് രണ്ട് വിവാഹം കഴിച്ചത് എന്ന്. ഞാന്‍ ചോദിച്ചു, വിവാഹവും നല്ല കുടുംബത്തില്‍ ജനിക്കുന്നതും തമ്മില്‍ എന്താണ് ബന്ധമെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു; അല്ല, നിങ്ങള്‍ രാമനെ പ്രാര്‍ഥിക്കുന്നവരാണ്. അദ്ദേഹം ജീവിക്കുന്നത് പോലെയാണല്ലോ നിങ്ങളും ജീവിക്കുക എന്ന്. ഇത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു. ആദ്യം തന്നെ ഞാന്‍ രാമനെ എന്നല്ല ഒരു ദൈവത്തെയും പ്രാര്‍ഥിക്കാറില്ല. രാമന്റെ പാത പിന്തുടരുന്നുമില്ല. വേണമെങ്കില്‍ രാമന്റെ, മൂന്ന് വിവാഹം കഴിച്ച അച്ഛന്റെ പാതയാണ് പിന്തുടരുന്നതെന്ന് പറയാം,' കമല്‍ ഹാസന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. നായകനിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രമായിരുന്നു നായകന്‍. ചിത്രത്തില്‍ ശക്തിവേല്‍ നായ്കര്‍ എന്ന ഗ്യാങ്സ്റ്റര്‍ ആയാണ് കമല്‍ ഹാസന്‍ വന്നത്. മുംബൈ അധോലോക നായകനായ വരദരാജന്‍ മുതലിയാറിന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നായകന്‍ നിര്‍മിച്ചത്. ശരണ്യ, ഡല്‍ഹി ഗണേശ്, കാര്‍ത്തിക, നിഴല്‍ഗല്‍ രവി, നാസര്‍, തിന്നു ആനന്ദ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

2025ല്‍ റിലീസ് ചെയ്യാനിരിക്കുന്ന തഗ്ഗ് ലൈഫും ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ്. തൃഷ, സിലമ്പരസന്‍ എന്നിവർക്ക് പുറമെ അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അഭിരാമി, നാസര്‍, അലി ഫസല്‍, പങ്കജ് തൃപാഠി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.


SCROLL FOR NEXT