NEWSROOM

കമലാ ഹാരിസിന് നേട്ടം; നാലാഴ്ച കൊണ്ട് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സമാഹരിച്ചത് 500 മില്യണ്‍ ഡോളര്‍

സമാഹരിച്ച തുക പ്രചാരണ പരിപാടികൾക്ക് നിർണായകമാകും

Author : ന്യൂസ് ഡെസ്ക്


യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് സമാഹരിച്ചത് 500 മില്യൺ ഡോളർ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നാലാഴ്ചയ്ക്കുള്ളിലാണ് ഇത്രയും തുക തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സമാഹരിക്കുന്നത്. കമലയുടെ ജനപ്രീതിയിലുള്ള വർധനവ് കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ധനസമാഹരണമാണിത്. സമാഹരിച്ച തുക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനകള്‍ക്കായി വിനിയോഗിക്കും. പ്രചരണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെകമല തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.ഇപ്പോള്‍ ലഭിച്ചിരുന്ന ഫണ്ട് ഉപയോഗിച്ച്കൂടുതല്‍ പരസ്യം നല്‍കി ഇരുപക്ഷത്തുമില്ലാത്ത വോട്ടുകള്‍ കൂടുതല്‍ നേടാന്‍ സഹായമാകും.


നവംബർ അഞ്ചിന് നടക്കാനിരുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനായിരുന്നു ഡെമക്രാറ്റിക് സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്നത്. ബൈഡൻ പിന്മാറയതിനു ശേഷം ജൂലൈ 21 ന് കമലഹാരിസ് പകരക്കാരിയായെത്തി.  പാര്‍ട്ടിക്കുള്ളില്‍ നിന്നും ജനങ്ങളില്‍ നിന്നും കമലയ്ക്ക് വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.  കമലയുടെ വരവോടെ അഭിപ്രായ സർവേകളിൽ ട്രംപ് പിന്നിൽ പോവുകയും ചെയ്തു.

ജൂലൈ മാസത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 331 മില്യണ്‍ ഡോളറാണ് രണ്ടാം ഘട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയിരുന്നത്. ആ സമയത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡന് 264 മില്യണ്‍ ഡോളര്‍ മാത്രമാണ് ഫണ്ട് ഇനത്തില്‍ കണ്ടെത്താന്‍ സാധിച്ചത്.

SCROLL FOR NEXT