NEWSROOM

"വീണ്ടുമൊരു സംവാദത്തിന് തയ്യാർ, പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു"; ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ്

ഈ മാസം ആദ്യം എബിസി ന്യൂസ് മോഡറേറ്റ് ചെയ്ത യുഎസ് പ്രസിഡൻ്റ് സംവാദം ഏറെ ശ്രദ്ധേയമായിരുന്നു

Author : ന്യൂസ് ഡെസ്ക്

പ്രസിഡൻഷ്യൽ സംവാദത്തിനായി ഡൊണാൾഡ് ട്രംപിനെ വീണ്ടും വെല്ലുവിളിച്ച് കമലാ ഹാരിസ്. ട്രംപുമായി വേദി പങ്കിടാനുള്ള മറ്റൊരു അവസരത്തിന് തയ്യാറാണെന്ന് കമല എക്സിൽ കുറിച്ചു. സംവാദത്തിനായുള്ള സിഎന്‍എന്നിൻ്റെ ക്ഷണത്തിന് പിന്നാലെയായിരുന്നു കമലയുടെ പ്രതികരണം.

ഈ മാസം ആദ്യം എബിസി ന്യൂസ് മോഡറേറ്റ് ചെയ്ത യുഎസ് പ്രസിഡൻ്റ് സംവാദം ഏറെ ശ്രദ്ധേയമായിരുന്നു. 90 മിനിറ്റ് നീണ്ട സംവാദത്തില്‍ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. എന്നാല്‍, വ്യക്തിപരമായ ആരോപണങ്ങള്‍ കൊണ്ട് ട്രംപിനെ പ്രതിരോധത്തിലാക്കി കമല മേല്‍ക്കൈ നേടി.

2021 ജനുവരി 6ന് നടന്ന യുഎസ് കാപ്പിറ്റോള്‍ കലാപ സമയത്തെ പ്രതികരണങ്ങളും റാലികളിലെ ജനപങ്കാളിത്തക്കുറവും ഉള്‍പ്പെടെ വ്യത്യസ്ത വിഷയങ്ങളില്‍ ട്രംപിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍, എബിസി ന്യൂസിന് വേണ്ടി സംവാദം നിയന്ത്രിച്ച രണ്ട് മാധ്യമ പ്രവർത്തകർ ഡെമോക്രാറ്റിക് സ്ഥാനാർഥിക്ക് അനുകൂലമായാണ് നിലകൊണ്ടതെന്ന് ട്രംപും അനുയായികളും ആരോപിച്ചു. ഫിലാഡല്‍ഫിയയിലെ എബിസി സംവാദം കഴിഞ്ഞ ഉടനെതന്നെ മറ്റൊന്നിനായി കമല ട്രംപിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴുള്ള വൈസ് പ്രസിഡന്‍റ് പദവിയില്‍ ശ്രദ്ധിക്കാനായിരുന്നു ട്രംപ് നല്‍കിയ നിർദേശം. ഒരു 'റീമാച്ച്' ആണ് കമല ആവശ്യപ്പെടുന്നതെന്നും അതു തന്നെ തന്‍റെ വിജയം സൂചിപ്പിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

Also Read: ഗർഭഛിത്ര നിരോധനത്തിലൂടെ ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നമായി; നിലപാടിലുറച്ച് കമല

ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ആഴ്ചകളിലേക്ക് കടന്നപ്പോൾ മറ്റൊരു പൊതു വേദിയിലേക്ക് കൂടി സംവദിക്കാനായെത്താൻ ട്രംപിനെ വെല്ലുവിളിച്ചിരിക്കുകയാണ് കമലാ ഹാരിസ്. ഒക്ടോബർ 23 ന് സംവാദത്തിൽ പങ്കെടുക്കാനുള്ള സിഎന്‍എന്നിൻ്റെ ക്ഷണം കമല ഹാരിസ് സ്വീകരിച്ചു. ഡൊണാൾഡ് ട്രംപുമായി വേദി പങ്കിടാനുള്ള മറ്റൊരു അവസരത്തിന് താൻ തയ്യാറാണെന്നും വരാനിരിക്കുന്ന പ്രസിഡൻഷ്യൽ സംവാദം സന്തോഷത്തോടെ സ്വീകരിക്കുന്നതായും കമല അറിയിച്ചു.

സംവാദത്തിൽ ട്രംപ് തന്നോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും കമല ഹാരിസ് എക്സിൽ കുറിച്ചു. ഹാരിസുമായുള്ള ആദ്യത്തെ സംവാദത്തിന് ശേഷം ഇനിയൊരു സംവാദത്തിന് തയ്യാറല്ലെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. നവംബർ 5നാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന സംവാദത്തിൽ ട്രംപിൻ്റെ പങ്കാളിത്തമുണ്ടായാൽ പ്രസിഡൻഷ്യൽ പ്രചാരണത്തിൻ്റെ ശക്തി വർധിക്കുമെന്നാണ് റിപ്പബ്ലിക്കന്‍ പാർട്ടി അനുഭാവികളുടെ നിലപാട്.

SCROLL FOR NEXT