നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസില്‍ തുടരാന്‍ ജോ ബൈഡനേക്കാള്‍ സാധ്യത വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനാണെന്ന് സിഎന്‍എന്‍ പോള്‍ ഫലം. കഴിഞ്ഞ ആഴ്ച അറ്റ്‌ലാന്‍റയില്‍ ട്രംപിനെതിരെ നടന്ന സംവാദത്തിലെ ദയനീയമായ പ്രകടനം ബൈഡന്‍റെ പൊതു സമ്മതിയെ ബാധിച്ചിട്ടുണ്ട്. സംവാദത്തിന് ശേഷം നവംബര്‍ അഞ്ചിന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും ബൈഡന്‍ പിന്‍മാറണമെന്ന ആവശ്യം ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ തുടരണമെന്ന നിലപാടാണ് കുടുംബം സ്വീകരിച്ചത്.
സിഎന്‍എന്നിനു വേണ്ടി എസ്ആര്‍എസ് സംഘടിപ്പിച്ച പോളില്‍ ബൈഡനെ ആറ് പോയിന്‍റുകള്‍ക്ക് പിന്തള്ളി ട്രംപാണ് മുന്നില്‍. ട്രംപിന് പിന്നില്‍ തന്നെയുണ്ട് കമലാ ഹാരിസും. ട്രംപ് 47 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ കമലയ്ക്ക് കിട്ടിയത് 45 ശതമാനം വോട്ടുകളാണ്. 50 ശതമാനം സ്ത്രീകളും ട്രംപിന് പകരം കമലയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 44 ശതമാനം സ്ത്രീകള്‍ ട്രംപിനെതിരെ ബൈഡനേയും തെരഞ്ഞെടുത്തിരിക്കുന്നു. കമല - ബൈഡന്‍ കണക്കുകള്‍ വരുമ്പോള്‍ സ്വതന്ത്രര്‍ കൂടുതലായി പിന്തുണച്ചിരിക്കുന്നത് കമല ഹാരിസിനെയാണ്. സിഎന്‍എന്‍ പോളിനെ സംബന്ധിച്ച് വൈറ്റ് ഹൗസില്‍ നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.