NEWSROOM

ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നു; അഭിമാനനിമിഷമെന്ന് കമല ഹാരിസ്

ജോ ബൈഡൻ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതിൻ്റെ രണ്ടാം നാളാണ് കമല ഹാരിസിൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാ‍ർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാ‍ർത്ഥിയാകാൻ തനിക്ക് ആവശ്യത്തിലേറെ പിന്തുണ ലഭിക്കുന്നുവെന്ന് നിലവിലെ വൈസ് പ്രസിഡൻ്റായ കമല ഹാരിസ്. ജോ ബൈഡൻ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതിൻ്റെ രണ്ടാം ദിവസമാണ് കമല ഹാരിസിൻ്റെ പ്രതികരണം.

പാർട്ടിയുടെ സ്ഥാനാർത്ഥിയും, കാലിഫോർണിയയുടെ മകളുമെന്ന നിലയ്ക്ക്, തനിക്ക് ലഭിക്കുന്ന വലിയ പിന്തുണയിൽ തനിക്ക് വലിയ അഭിമാനമുണ്ട്. ഉടൻ തന്നെ ഔദ്യോ​ഗികമായി പാർട്ടി സ്ഥാനാർത്ഥിയാകുമെന്നും കമല ഹാരിസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച പ്രസിഡൻ്റ് ജോ ബൈഡനും, ഡെമോക്രാറ്റിക് പാർട്ടിയിലെ എല്ലാവരോടും കമല പോസ്റ്റിൽ നന്ദി അറിയിച്ചു. അമേരിക്കയുടെ ആദ്യത്തെ കറുത്ത വംശജയായ വൈസ് പ്രസിഡൻ്റ് കൂടിയാണ് കമല ഹാരിസ്.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് രണ്ട് നിലപാടുകൾ തമ്മിലുള്ള മൽസരമാണെന്ന് കമല പോസ്റ്റിൽ കുറിച്ചു. "രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യവും, തുല്യ അവകാശങ്ങളും ലഭിക്കുന്നതിന് മുൻപുള്ള കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ, ഭാവിയിൽ ജനാധിപത്യം ദൃഢപ്പെടുത്തുന്നതിനാണ് താൻ ശ്രമിക്കുന്നത്." കമല പറഞ്ഞു.

നവംബർ അഞ്ചിന് നടക്കുന്ന യു. എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാ‍ർട്ടി സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ നിന്ന് വിധി തേടും എന്ന് കരുതിയിരുന്ന ജോ ബൈഡൻ, ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. 81കാരനായ ജോ ബൈഡൻ ആരോ​ഗ്യ കാരണങ്ങളെ മുൻനി‍ർത്തിയാണ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതായി അറിയിച്ചത്. തുടർന്ന്, ബൈഡൻ കമല ഹാരിസിന് തൻ്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.


SCROLL FOR NEXT