NEWSROOM

രണ്ടാമതൊരു സംവാദത്തിന് തയ്യാറെന്ന് കമല ഹാരിസ്; 'റീ മാച്ചിന്' താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി ട്രംപ്

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഫിലാഡല്‍ഫിയയിലായിരുന്നു സ്ഥാനാർഥികള്‍ തമ്മിലുള്ള ആദ്യ സംവാദം

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് ഇനി കമല ഹാരിസുമായി പൊതു സംവാദമുണ്ടാകില്ലെന്ന് സൂചന നല്‍കി റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥി ഡോണാള്‍ഡ് ട്രംപ്. നോർത്ത് കരോലിനയിലെ തെരഞ്ഞെടുപ്പ് റാലിയില്‍‌ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് ട്രംപുമായി രണ്ടാമത് ഒരു സംവാദത്തിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു റീമാച്ചിന് കമല ആഗ്രഹിക്കുന്നത് താന്‍ ജയിച്ചു എന്നത് വ്യക്തമായത് കൊണ്ടാണെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഫിലാഡല്‍ഫിയയിലായിരുന്നു സ്ഥാനാർഥികള്‍ തമ്മിലുള്ള ആദ്യ സംവാദം. പിന്നാലെ വന്ന പോളുകള്‍ സംവാദത്തില്‍ കമലയ്ക്കായിരുന്നു മേല്‍ക്കൈയെന്നാണ് വോട്ടർമാർ കരുതുന്നതെന്ന് പ്രസ്താവിച്ചു. തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ മത്സരം കടുത്തിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

ALSO READ: ബോയിങ് തൊഴില്‍ കരാറില്‍ വോട്ടിങ് കഴിഞ്ഞു; തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങുമോയെന്ന് ഇന്നറിയാം

90 മിനിറ്റുകള്‍ നീണ്ട എബിസി ന്യൂസ് സംവാദത്തില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ കൊണ്ട് ട്രംപിനെ കമല പ്രതിരോധത്തിലാക്കിയിരുന്നു. 2021 ജനുവരി 6ന് നടന്ന യുഎസ് കാപ്പിറ്റോള്‍ കലാപ സമയത്തെ പ്രതികരണങ്ങളും റാലികളിലെ ജനപങ്കാളിത്ത കുറവും ഉള്‍പ്പെടെ വ്യത്യസ്ത വിഷയങ്ങളില്‍ ട്രംപിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍, എബിസി ന്യൂസിന് വേണ്ടി സംവാദം നിയന്ത്രിച്ച രണ്ട് മാധ്യമ പ്രവർത്തകർ ഡെമോക്രാറ്റിക് സ്ഥാനാർഥിക്ക് അനുകൂലമായാണ് നിലകൊണ്ടതെന്നാണ് ട്രംപും അനുയായികളും ഇപ്പോള്‍ ആരോപിക്കുന്നത്. ഇതാണ് സംവാദം ഒഴിവാക്കാനുള്ള ഒരു കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്. ഇനിയൊരു സംവാദത്തിന്‍റെ ആവശ്യമില്ലെന്നും പോളുകള്‍ റിപ്പബ്ലിക്കന്‍ പാർട്ടി വിജയം പ്രവചിച്ചു കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

ഫിലാഡല്‍ഫിയയിലെ സംവാദം കഴിഞ്ഞ ഉടനെതന്നെ മറ്റൊന്നിനായി കമല ട്രംപിനെ ക്ഷണിച്ചിരുന്നു. വ്യാഴാഴ്ചയും കമല ക്ഷണം ആവർത്തിച്ചു. എന്നാല്‍, ഇപ്പോഴുള്ള വൈസ് പ്രസിഡന്‍റ് പദവിയില്‍ ശ്രദ്ധിക്കാനായിരുന്നു ട്രംപ് നല്‍കിയ നിർദേശം. കമലയുടെ പ്രചരണ വിഭാഗവും ഒട്ടും പുറകോട്ട് പോയില്ല. "ബാലറ്റ് പേപ്പറില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനായുള്ളത് എന്താണെന്ന് കണ്ടു- കമലയ്ക്കൊപ്പം മുന്നിലേക്ക് പോകാം അല്ലെങ്കില്‍ ട്രംപിനൊപ്പം പിന്നിലേക്ക് പോകാം", കമലയുടെ പ്രചരണ വിഭാഗം വോട്ടർമാരോട് പറഞ്ഞു.  രണ്ടാമതൊരു സംവാദത്തിന് വൈസ് പ്രസിഡന്‍റ് തയ്യാർ, ട്രംപോ? പ്രചരണ വിഭാഗം കൂട്ടിച്ചേർത്തു.

ALSO READ: ടർക്കിഷ് - അമേരിക്കൻ ആക്ടിവിസ്റ്റിൻ്റെ കൊലപാതകം; കുറ്റവാളികൾക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് തുർക്കി

സംവാദത്തിനില്ല എന്ന ട്രംപിന്‍റെ പ്രസ്താവന എന്നാല്‍ പ്രചരണ വിഭാഗം ആസൂത്രണം ചെയ്ത പരിപാടികള്‍ക്ക് നേർ വിപരീതമാണ്. മൂന്ന് സംവാദങ്ങള്‍ക്ക് കൂടി ട്രംപ് തയ്യാറാണെന്നാണ് മുന്‍ പ്രസിഡന്‍റിന്‍റെ മുതിർന്ന ഉപദേഷ്ടാവായ ജേസണ്‍ മില്ലർ സിഎന്‍എന്നിനോട് പറഞ്ഞത്. അതേസമയം, ഇരു പാർട്ടികളുടെയും പ്രചരണ വിഭാഗം സെപ്റ്റംബർ 25ന് എന്‍ബിസി ന്യൂസുമായി സഹകരിച്ച് സംവാദം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്‍ബിസി ഇതുവരെ ട്രംപിന്‍റെ പ്രസ്താവനയില്‍ പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT