യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമല ഹാരിസിന് ഭൂരിപക്ഷം പ്രവചിക്കുകയാണ് പുതിയ അഭിപ്രായ സർവേകൾ. ഡൊണാൾഡ് ട്രംപിനു മേൽ കമലാ ഹാരിസ് വ്യക്തമായ മേൽക്കൈ നേടുമെന്നാണ് റോയിട്ടേഴ്സ് അഭിപ്രായ സർവേ പുറത്തു വിടുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ ആറ് ശതമാനത്തിലേറെ ലീഡാണ് കമലയ്ക്ക്. ആറു ശതമാനത്തിലേറെ ലീഡ് നേടി കമലാ ഹാരിസ് മുന്നേറുന്നത് പ്രചരണം തുടങ്ങിയ ശേഷം ആദ്യമായാണ്.
കമല ഹാരിസിനു 46 ശതമാനത്തിനു മുകളിലും മുൻ പ്രസിഡൻ്റ് ട്രംപിനു 40 ശതമാനത്തിന് അടുത്തുമാണ് സർവേ പ്രവചനം. സെപ്റ്റംബർ 12ന് നടത്തിയ സർവേയിൽ കമലയുടെ ലീഡ് അഞ്ചു ശതമാനം മാത്രമായിരുന്നു. അമേരിക്കൻ ജനതയ്ക്ക് നികുതി ആനൂകുല്യങ്ങളും വ്യാവസായിക മേഖലയ്ക്ക് നിരവധി ഇളവുകളും നൽകുമെന്ന പുതിയ സാമ്പത്തിക നയം കമലാ ഹാരിസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നിർണായകമായേക്കാവുന്ന സ്റ്റേറ്റുകളിലെ വോട്ട് നേടാൻ ഈ നയങ്ങൾ പ്രധാന പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.
ALSO READ: ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ; കമലാ ഹാരിസിൻ്റെ അരിസോണയിലെ പ്രചാരണ ഓഫീസിന് നേരെ വീണ്ടും വെടിവെയ്പ്പ്
ജോ ബൈഡൻ മത്സര രംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ ന്യൂയോർക്ക് ടൈംസ് സർവേയിൽ എട്ട് ശതമാനം പോയിൻ്റുകൾക്ക് ട്രംപ് ആയിരുന്നു മുന്നിൽ. കമലയുടെ രംഗപ്രവേശനത്തോടെ പുതിയ സർവേകളിലെല്ലാം കമല ലീഡ് നിലനിർത്തുകയാണ്. പെൻസിൽവാനിയയിൽ കമലയ്ക്കാണ് മുൻതൂക്കം. ട്രംപിനെ അപേക്ഷിച്ച് കമലയ്ക്ക് ജോർജിയയിൽ നേരിയ മുൻതൂക്കമുണ്ടെങ്കിലും അരിസോനയിൽ പിന്നിലാണ്.