NEWSROOM

കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ സാഹിത്യകാരൻ

വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്


എഴുത്തുകാരനും നാടക പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി എന്ന കെ.ജെ. ബേബി (70) അന്തരിച്ചു. 'കനവ്' എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്.

വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ.ജെ. ബേബി. പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടു​ഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.

കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973ൽ കുടുംബം വയനാട്ടിൽ കുടിയേറിപ്പാർത്തു. നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994ൽ കനവ് എന്ന ബദൽ വിദ്യാ കേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടിയായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.

READ MORE: 

അടിയന്തരാവസ്ഥ കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി തന്റെ നാടുഗദ്ദിക എന്ന നാടകവുമായി കേരളത്തിലെമ്പാടും സഞ്ചരിച്ചിരുന്നു. വയനാട് സാംസ്കാരിക വേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ ഉൾപ്പെടുത്തി നാടം അവതരിപ്പിച്ചത്. നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവ ബേബിയുടെ കൃതികളാണ്. മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും, മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.

SCROLL FOR NEXT