NEWSROOM

കാഞ്ചന്‍ജംഗ ട്രെയിന്‍ അപകടം: ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

ഗുഡ്സ് ട്രെയിന്‍ ലോക്കോ പെെലറ്റിന് വീഴ്ച പറ്റിയെന്ന് റെയില്‍വേ ബോർഡിന്‍റെ പ്രാഥമിക റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

15 ഓളം പേരുടെ മരണത്തിന് കാരണമായ കാഞ്ചന്‍ജംഗ ട്രെയിന്‍ അപകടത്തിന്റെ ചുരുളഴിയുന്നു. ബംഗാളിലെ ഡാര്‍ജിലിംഗില്‍ എക്‌സ്പ്രസ് ട്രെയിന് പിന്നില്‍ ഗുഡ്‌സ് ട്രെയിനിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തകരാറിനെ തുടര്‍ന്ന് ഇരുട്രെയിനുകള്‍ക്കും റാണിപത്ര സ്റ്റേഷനില്‍ നിന്ന് അനുമതി പത്രം കൈമാറിയിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഗുഡ്‌സ് ട്രെയിന്‍ ലോക്കോ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ രേഖാമൂലം അനുമതി പത്രം കൈമാറുന്ന പ്രോട്ടോക്കോളാണ് ടി.എ 912. കാഞ്ചന്‍ജംഗ അപകട സമയത്ത് റാണിപത്ര സ്റ്റേഷന്‍ മാസ്റ്റര്‍ ഇരു ട്രെയിനുകള്‍ക്കും ഇത്തരത്തില്‍ അനുമതി പത്രം നല്‍കിയിരുന്നു. റാണിപത്രയ്ക്കും ഛത്തര്‍ഹാട്ട് സ്റ്റേഷനും ഇടയിലുള്ള സിഗ്‌നലുകള്‍ മറികടന്ന് മുന്നോട്ടുപോകാനായിരുന്നു അനുമതി. ടിഎ 912 നടപടിക്രമങ്ങള്‍ അനുസരിച്ച്, സിഗ്‌നല്‍ തകരാറുള്ള ഓരോ സ്റ്റേഷനിലും ഒരു മിനിറ്റ് നിര്‍ത്തിയിട്ട ശേഷം പരമാവധി 10 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ മുന്നോട്ടുപോകേണ്ടത്.

ട്രാക്കിലൂടെ മുന്‍പ് കടന്നുപോയ ട്രെയിനുമായി 150 മീറ്റര്‍ അകലം പാലിക്കുകയും വേണം. എന്നാല്‍ അപകടസമയത്ത് ഗുഡ്‌സ് ട്രെയിന്‍ ലോക്കോ പൈലറ്റ് ഈ നിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും, വേഗ പരിധിക്ക് മുകളിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നതെന്നുമാണ് റെയില്‍വേ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ലോക്കോ പൈലറ്റ് മരണപ്പെട്ടതിനാല്‍ തന്നെ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

SCROLL FOR NEXT