പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ലിയോനാർഡോ ഡാവിഞ്ചിയുടെ 'ദി ലാസ്റ്റ് സപ്പർ' എന്ന പെയിന്റിംഗ് വികലമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ബിജെപി എംപി കങ്കണ റണാവത്ത് രംഗത്ത്. തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കങ്കണ വിമർശനവുമായി എത്തിയത്. നഗ്നനായ വ്യക്തിയെ ക്രിസ്തുവായി ചിത്രീകരിച്ച് അന്ത്യ അത്താഴത്തെ വികലമാക്കി. ഇതിലൂടെ ക്രൈസ്തവരെ പരിഹസിക്കുകയാണ് ചെയ്‌തെന്നും കങ്കണ പറഞ്ഞു.
അമിതമായി ലൈംഗികവല്‍ക്കരിക്കപ്പെട്ട സ്‌കിറ്റുകൾ ദൈവനിന്ദയാണെന്നും, ഇടതുപക്ഷം കൈയേറിയതുകൊണ്ടാണ് ഇത്തരം സ്‌കിറ്റുകൾ ചടങ്ങിൽ അവതരിപ്പിച്ചതൊന്നും എം പി കുറ്റപ്പെടുത്തി. ചടങ്ങിലെ പരിപാടികൾ എല്ലാം സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരം പ്രവൃത്തികളിലൂടെ എന്തു സന്ദേശമാണ് അവര്‍ നല്‍കുന്നത്. സ്വവർഗ ലൈംഗീകതയ്ക്ക് താൻ എതിരല്ലെന്നും, എന്നാൽ ഒളിംപിക്‌സുമായി ഇതിനു എന്താണ് ബന്ധമെന്നും കങ്കണ ചോദിച്ചു.
ലൈംഗികത കിടപ്പുമുറിയിൽ മാത്രം മതി. മനുഷ്യന്റെ മികവിനെ കാണിക്കുന്ന ചടങ്ങിൽ ഒരു ദേശീയ സ്വത്വം പോലെ അത് അവതരിപ്പിക്കുന്നത് എന്തിനാണ്. ചെറിയ കുട്ടികളെയും അവർ ഇതിനായി ഉപയോഗിച്ചു. 2024 ഒളിംപിക്സിനെ ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്നും കങ്കണ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് പാരിസ് ഒളിംപിക്‌സിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.