NEWSROOM

അഞ്ച് വർഷത്തെ നിയമപോരാട്ടം അവസാനിച്ചു; കങ്കണ റണാവത്തും ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ നടത്തിയ പരാമർശങ്ങളിൽ കങ്കണ റണാവത്ത് മാപ്പ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നീണ്ട അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നടി കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ നടത്തിയ പരാമർശങ്ങളിൽ കങ്കണ റണാവത്ത് മാപ്പ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് താൻ പരാമർശം നടത്തിയതെന്നും കങ്കണ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കേസ് ഒത്തുതീർപ്പായത്. കങ്കണ തന്നെയാണ് കേസ് ഒത്തുതീർപ്പായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

2020ൽ നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണശേഷം കങ്കണ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൻ്റെ പേരിലാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ആരംഭിച്ചത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ഇതിനു പിന്നാലെ അപമാനിച്ചു എന്ന് ആരോപിച്ച് കങ്കണയും അക്തറിനെതിരെ കേസ് നൽകിയിരുന്നു.

ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ കങ്കണയും അക്തറും കേസ് ഒത്തുതീർപ്പാക്കിയതായി അറിയിച്ചു. തെറ്റിദ്ധാരണ മൂലമാണ് അക്തറിനെതിരെ പ്രസ്താവന നടത്തിയതെന്നും അതിന്റെ പേരിൽ ജാവേദ് അക്തറിന് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും കങ്കണ പറഞ്ഞു. കങ്കണയുടെ മാപ്പ് അംഗീകരിച്ച അക്തർ പരാതി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പായതിന് പിന്നാലെ ജാവേദ് അക്തറിന് ഒപ്പം നിൽക്കുന്ന ചിത്രം കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ബാന്ദ്രയിലെ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഒത്തുതീർപ്പായതിന് ശേഷമെടുത്ത ചിത്രമാണ് കങ്കണ പങ്കുവെച്ചത്. തന്റെ പുതിയ സിനിമയ്ക്ക് പാട്ടെഴുതാൻ ജാവേദ് അക്തർ സമ്മതിച്ചെന്നും കങ്കണ അറിയിച്ചു.


SCROLL FOR NEXT