വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷന് ഉള്ളില്‍ മാത്രം ഇരിക്കരുതെന്നും പുറത്തിറങ്ങണമെന്നുമുള്ള കര്‍ശന നിര്‍ദേശവുമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്. വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെ വനിതാ പൊലീസുദ്യോഗസ്ഥരെ തിരക്കേറിയ ജംഗ്ഷനുകളില്‍ ഡ്യൂട്ടിക്ക് നിര്‍ത്തണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ എല്ലാ പൊലീസുകാരും എട്ട് മണിക്ക് തന്നെ ഡ്യൂട്ടിക്കെത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന് കണ്ടെത്തിയാണ് പുതിയ തീരുമാനം. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് ചുരുക്കം ചിലര്‍ മാത്രമാണ്. എട്ട് മണിക്ക് ഹാജരായി എല്ലാവരും ഇത് അനുസരിക്കണമെന്നും ഡിവൈഎസ്പി പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.
'പൊലീസ് സ്റ്റേഷനുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷന് അകത്തു തന്നെയുള്ള ഡ്യൂട്ടികള്‍ മാത്രം ചെയ്തുവരുന്നതായാണ് കണ്ടു വരുന്നത്. 22-07-24 തീയതി മുതല്‍ ആഴ്ചയില്‍ മൂന്ന്ദിവസം വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വൈകുന്നേരം മൂന്ന് മണിമുതല്‍ ആറ് മണി വരെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്ഥിയിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ ഈവനിംഗ് ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടതാണ്. ഇങ്ങനെ നിയോഗിക്കുന്നവരുടെ പേരുവിവരം അതാത് ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കാഞ്ഞങ്ങാട് ബീറ്റ കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കേണ്ടതാണ്. മേല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ എസ് എച്ച് ഒ മാരും ശ്രദ്ധിക്കേണ്ടതാണ്,' നിര്‍ദേശത്തില്‍ പറയുന്നു.