ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ പ്രതിസന്ധിയിലാണ് കാസർകോട് കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് രോഗികൾ പ്രതിദിനം ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് കാഞ്ഞങ്ങാട്ടേത്. ജോലി ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിൽ നിന്നും ജില്ലയ്ക്ക് പുറത്തും നിന്നും വന്ന ഡോക്ടർമാരാണ് നിലവിൽ സേവനം നടത്തുന്നത്.
192 തസ്‌തികകൾ ആണ് ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യം. അനുവദിച്ചതാകട്ടെ 12 തസ്തികകൾ മാത്രം. ഗ്രേഡ് അസിസ്‌റ്റന്റ്, ഫാർമസിസ്‌റ്റ്, ക്ലാർക്ക് 5 നേഴ്സ് എന്നീ തസ്‌തികകൾ മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ആശുപത്രിയുടെ പ്രവർത്തനത്തിന് അഞ്ച് ഗൈനക്കോളജിസ്‌റ്റിന്റെ സേവനമെങ്കിലും വേണം. കൂടാതെ പീഡിയാട്രിക്, അനസ്തെറ്റിക്സ് വിഭാഗം ഡോക്ടർമാരുടെ സേവനവും ആവശ്യമാണ്. 2021ലാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം രണ്ടുവർഷം കഴിഞ്ഞാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്.
ഇവിടെ ആകെയുള്ളത് ഒരു പീഡിയാട്രിഷ്യൻ മാത്രമാണ്. 2 ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിലും ഒരാൾ ജോലി ക്രമീകരണത്തിന്റെ ഭാഗമായും മറ്റൊരാൾ എൻഎച്ച്എം വഴി നിയമിച്ചയാളുമാണ്. ആശുപത്രി സൂപ്രണ്ട് പോസ്റ്റ് തിരുവനന്തപുരത്ത് നിന്ന് താൽക്കാലിക മായി മാറ്റിയതാണ്. ആകെയുള്ളത് എട്ട് സ്റ്റാഫ് നേഴ്‌സ് മാത്രമാണ്. ഫാർമസിയിൽ ഉള്ളത് 2 ഫാർമസിസ്‌റ്റ്. അനസ്തെറ്റിസ്റ്റിന്റെ സേവനം ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ലഭിക്കുന്നത്. പ്രസവ ശസ്ത്രക്രിയ അടക്കം ഇതിനനുസരിച്ച് ക്രമീകരിക്കേണ്ട അവസ്ഥയാണ്.
24 മണിക്കൂർ നീളുന്ന അത്യാഹിത വിഭാഗത്തിൽ 4 അസിസ്‌റ്റന്റ് സർജന്മാരാണ് ഡ്യൂട്ടി ചെയ്യുന്നത്. ക്ലാർക്ക് ഒന്ന്, ഓഫിസ് അറ്റൻ ഡർ ഒന്ന് എന്നിങ്ങനെയാണ് മറ്റു പോസ്റ്റുകൾ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായിട്ടു സെക്യൂരിറ്റിയെ ഇതുവരെ നിയമിച്ചിട്ടില്ല. വൈകുന്നേരങ്ങൾ ആശുപ്രതി പരിസരത്ത് മദ്യപരുടെ ശല്യവും കൂടുതലാണ്. രാത്രി എട്ടിന് ശേഷം പുറത്തെ വാതിൽ അടയ്ക്കുകയാണിപ്പോൾ ചെയ്യുന്നത്. രോഗികൾ വന്നാൽ കോളിങ് ബെൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിഷ്യൻ ഇല്ലാത്തതും തിരിച്ചടിയാണ്. ആശുപത്രിക്ക് ആവശ്യമായ തസ്തിക ഉടൻ അനുവദിക്കണമെന്ന ആവശ്യവും വീണ്ടും ശക്തമാവുന്നുണ്ട്.