NEWSROOM

തമിഴ് എംപിമാരെ 'അപരിഷ്‌കൃതര്‍' എന്ന് വിളിച്ച് അപമാനിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പെരുമാറേണ്ടത് ഇങ്ങനെയാണോ?; ധര്‍മേന്ദ്ര പ്രധാനിനെതിരെ കനിമൊഴി

ലോക്‌സഭയില്‍ പിഎം ശ്രീ സ്‌കീമുമായി ബന്ധപ്പെട്ട് ചോദ്യോത്തര വേളയിലാണ് ധര്‍മേന്ദ്ര പ്രധാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെയും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാരെയും കടന്നാക്രമിച്ചത്.

Author : ന്യൂസ് ഡെസ്ക്


തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാരെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അപമാനിച്ചെന്ന് ഡിഎംകെ എംപി കനിമൊഴി ന്യൂസ് മലയാളത്തോട്. ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കവെ തമിഴ്‌നാട് എംപിമാരെ അണ്‍സിവിലൈസ്ഡ് എന്ന് വിളിച്ച് അപമാനിച്ചെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് വിളിച്ച് പരിഹസിച്ചെന്നും കനിമൊഴി പ്രതികരിച്ചു. ഇങ്ങനെയാണോ ഒരു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പെരുമാറുകയെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയവും ത്രിഭാഷാ നയവും അംഗീകരിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കൃത്യമായി പറഞ്ഞതാണ്. കേന്ദ്ര മന്ത്രിയാണ് ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചത്. മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ അപരിഷ്‌കൃതരമാണെന്ന് പറഞ്ഞ് അദ്ദേഹം തമിഴ് ജനതയെ അപമാനിക്കുകയും അവരുടെ വികാരങ്ങളെ മുറിപ്പെടുത്തുകയും ചെയ്തു,' കനിമൊഴി പറഞ്ഞു.

ഇങ്ങനെയാണോ ഒരു കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കേണ്ടത്. അതും കേന്ദ്ര വിദ്യാഭ്യാസമന്ത്രി. ഇത് വളരെ ദുഃഖകരമാണെന്നും കനിമൊഴി പറഞ്ഞു.

ലോക്‌സഭയില്‍ പിഎം ശ്രീ സ്‌കീമുമായി ബന്ധപ്പെട്ട് ചോദ്യോത്തര വേളയിലാണ് ധര്‍മേന്ദ്ര പ്രധാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെയും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാരെയും കടന്നാക്രമിച്ചത്. തമിഴ്‌നാട് എംപിമാര്‍ ആദ്യം ദേശീയ വിദ്യാഭ്യാസ നയത്തെ അംഗീകരിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ ഒരു തവണ മെമ്മോറാണ്ടത്തില്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതാണെന്നും വ്യക്തമാക്കുകയും ചെയ്തതാണ്. പിന്നെ സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞ് അദ്ദേഹം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് ധര്‍മേന്ദ്ര പ്രധാനിന്റെ ആരോപണം.

കേന്ദ്ര മന്ത്രിയുടെ പ്രതികരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തി. രാജാവാണെന്നാണ് കേന്ദ്ര മന്ത്രി സ്വയം വിചാരിച്ചുവെച്ചിരിക്കുന്നതെന്നും തമിഴ്‌നാട് ജനതയോട് അപമര്യാദയോടെയാണ് സംസാരിച്ചത്. അദ്ദേഹം തന്റെ വാക്കുകള്‍ നിയന്ത്രിക്കണമെന്നും എക്‌സ് പോസ്റ്റില്‍ സ്റ്റാലിന്‍ കുറിച്ചു.

തമിഴ്‌നാട് സര്‍ക്കാര്‍ അവിടുത്തെ ജനങ്ങളെ കൂടി ബഹുമാനിച്ച് മുന്നോട്ട് പോയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. അല്ലാതെ ബിജെപി നേതാക്കളെ പോലെ നാഗ്പൂരില്‍ (ആര്‍എസ്എസ് ആസ്ഥാനം) നിന്ന് വരുന്ന വാക്കുകള്‍ കേട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട് സര്‍ക്കാര്‍ ആദ്യം അംഗീകരിച്ചിരുന്നുവെന്ന ധര്‍മേന്ദ്ര പ്രധാനിന്റെ ആരോപണത്തെ എംപി ദയാനിധി മാരനും തള്ളി. ധര്‍മേന്ദ്ര പ്രധാന്റെ ആരോപണം വെറും കള്ളമാണ്. ഡിഎംകെ ഒരിക്കലും ദേശീയ വിദ്യാഭ്യാസ നയത്തെ അംഗീകരിച്ചിട്ടില്ല. വടക്കേ ഇന്ത്യയിലുള്ളവര്‍ ഒരു ഭാഷ മാത്രം പഠിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികള്‍ എന്തിന് മൂന്ന് ഭാഷ പഠിക്കണം എന്നാണ് എപ്പോഴും ഡിഎംകെ ചോദിച്ചിട്ടുള്ളതെന്നും ദയാനിധി മാരന്‍ ചോദിച്ചു.

ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്താല്‍ ഉച്ചയ്ക്ക് 12 മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ത്രിഭാഷാ നയത്തിനെതിരെയായിരുന്നു ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.

SCROLL FOR NEXT