NEWSROOM

'എമര്‍ജന്‍സി' കാണാന്‍ പാര്‍ലമെന്റില്‍ വെച്ച് പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ച് കങ്കണ; ചിലപ്പോള്‍...നോക്കട്ടെയെന്ന് മറുപടി

പ്രിയങ്കയോട് ആദ്യം തന്നെ പറഞ്ഞത്, നിങ്ങള്‍ തീര്‍ച്ചയായും എമര്‍ജന്‍സി കാണണമെന്നാണ് എന്നും കങ്കണ റണാവത്ത് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പുതിയ ചിത്രം എമര്‍ജന്‍സി കാണാന്‍ പ്രിയങ്ക ഗാന്ധി എംപിയെ ക്ഷണിച്ച് കങ്കണ റണാവത്ത്. 1975ലെ അടിയന്തരാവസ്ഥ കാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നതും കങ്കണ തന്നെയാണ്.

പാര്‍ലമെന്റില്‍ വെച്ച് പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോഴാണ് താന്‍ തന്റെ ചിത്രത്തെക്കുറിച്ച് അവരുമായി സംസാരിച്ചതെന്നും കങ്കണ റണാവത്ത് പറഞ്ഞു.

'പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധിയെ കണ്ടിരുന്നു. അവരോട് ഞാന്‍ ആദ്യം തന്നെ പറഞ്ഞത്, നിങ്ങള്‍ തീര്‍ച്ചയായും എമര്‍ജന്‍സി കാണണമെന്നാണ്. അവര്‍ അതിനെ വളരെ ആദരവോടെയാണ് സ്വീകരിച്ചത്. ചിലപ്പോള്‍ കാണും എന്നാണ് മറുപടി പറഞ്ഞത്,' കങ്കണ പറഞ്ഞു.

അവര്‍ ആ സിനിമ കാണുമോ എന്ന് കാത്തിരുന്ന് കാണാം. ഒരു കാലഘട്ടത്തിന്റെയും ഒരു വ്യക്തിത്വത്തിന്റെയും വളരെ സെന്‍സിറ്റീവും സെന്‍സിബിളുമായി വരച്ചിരിക്കുന്ന ചിത്രമാണ് ഇത്. ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കാന്‍ താന്‍ ഒത്തിരി ശ്രദ്ധിച്ചുവെന്നും വലിയ ബഹുമാനത്തോടെയാണ് ആ കഥാപാത്രം താന്‍ ചെയ്തതെന്നും കങ്കണ റണാവത്ത് പറഞ്ഞു.

വിവാദപരമായ കാര്യങ്ങളാകട്ടെ, വ്യക്തിജീവിതമോ ഭര്‍ത്താവും സുഹൃത്തുക്കളുമായുള്ള ബന്ധമാകട്ടെ എല്ലാ കാര്യങ്ങളും താന്‍ അതീവ ഗൗരവത്തോടെ ഗവേഷണം ചെയ്തുവെന്നും കങ്കണ റണാവത്ത് പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇന്ദിരാഗാന്ധി രാജ്യത്തെ ആഘോഷിക്കപ്പെട്ട ആളുകളാല്‍ അംഗീകരിക്കപ്പെട്ട നേതാവാണെന്നും കങ്കണ റണാവത്ത് പറഞ്ഞു. മൂന്ന് തവണ പ്രധാനമന്ത്രിയാവുക എന്ന് പറയുന്നത് ഒരു തമാശയല്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT