NEWSROOM

കണ്ണൂരിൽ എഡിഎം ജീവനൊടുക്കിയ നിലയിൽ; പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിൽ മനംനൊന്തെന്ന് ആരോപണം

ഇന്നലെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരം അറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് പി.പി. ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെ എത്തിയ ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാണിച്ചതെന്നാണ് വിമർശനം.

പി.പി. ദിവ്യ എഡിഎമ്മിനെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് ദിവ്യ വേദിയിൽ തുറന്നടിച്ചു. പിന്നാലെ നവീൻ ബാബുവിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT