NEWSROOM

പെട്രോൾ പമ്പിന് എൻഒസി ലഭിച്ചതെങ്ങനെ? ദുരൂഹതകൾ ഒഴിയാതെ എഡിഎമ്മിൻ്റെ മരണം

കൊടുംവളവുള്ള സ്ഥലമായതിനാൽ ആ സ്ഥലത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തടസങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച അഴിമതി ആരോപണം രാഷ്ട്രീയത്തിനൊപ്പം ഉദ്യോഗസ്ഥ തലത്തിലും വിവാദമാവുകയാണ്. ജില്ലാ കളക്ടറുടെ അറിവില്ലാതെ പി.പി. ദിവ്യ ഈ യോഗത്തിൽ എത്തുമായിരുന്നില്ല എന്നാണ് ജീവനക്കാരുടെ പൊതുവികാരം. അതിനിടെ വിവാദ പെട്രോൾ പമ്പിനായുള്ള അപേക്ഷ സാങ്കേതിക കാരണങ്ങളാൽ നേരത്തെ മാറ്റിവെച്ചിരുന്നെന്നും വ്യക്തമായി.

ആറ് മാസം മുൻപാണ് ശ്രീകണ്ഠപുരം നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്തൻ തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിലെ ചേരന്മൂല എന്ന സ്ഥലത്ത് പെട്രോൾ പമ്പ് നിർമാണത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നത്. ബിപിസിഎൽ ഔട്ട്‌ലെറ്റ് തുടങ്ങാനായിരുന്നു അപേക്ഷ. അപേക്ഷ കണ്ണൂർ കളക്ടറേറ്റിൽ ലഭിച്ചതിന് പിന്നാലെ എഡിഎമ്മിന് കീഴിലുള്ള ഉദ്യോഗസ്ഥർ നിർദിഷ്ട പെട്രോൾ പമ്പ് സ്ഥാപിക്കുന്ന സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കൈമാറുകയും ചെയ്തു.

ALSO READ: എഡിഎമ്മിൻ്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഹർത്താൽ തുടങ്ങി, സംസ്കാരം നാളെ

കൊടുംവളവുള്ള സ്ഥലമായതിനാൽ ആ സ്ഥലത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തടസങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് അപേക്ഷ മാറ്റിവെക്കുകയും ചെയ്തു. നിയമാനുസൃതമായിട്ടായിരുന്നു ഇതുവരെയുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചത്. എന്നാൽ പിന്നീട് പമ്പിന് അനുമതി ലഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ അനുമതി നിഷേധിച്ച പമ്പിന് പിന്നീട് എങ്ങനെ അനുമതി ലഭിച്ചെന്ന് വ്യക്തമല്ല. ഇതിനിടെയാണ് എഡിഎമ്മിന്റെ സ്ഥലം മാറ്റത്തെ തുടർന്നുള്ള യാത്രയയപ്പിൽ ചടങ്ങിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാമർശം. സാങ്കേതിക കാരണങ്ങൾ കാരണം തടഞ്ഞുവെക്കപ്പെട്ട അനുമതി പിന്നീട് നൽകിയത് എങ്ങനെയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും അപേക്ഷയുമായി വരുന്നവരോട് ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറരുത് എന്നുമായിരുന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. ദിവ്യ യോഗത്തിൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് നവീൻ ബാബുവിൻ്റെ ആത്മഹത്യയും തുടർപ്രതിഷേധങ്ങളും അരങ്ങേറിയത്.


നവീൻ ബാബു കൈക്കൂലി വാങ്ങിയാണ് അനുമതി നൽകിയത് എന്ന പ്രശാന്തൻ്റെ പരാതി പി.പി. ദിവ്യയുടെ ആരോപണത്തിന് ബലം നൽകുന്നതുമാണ്. എഡിഎമ്മിൻ്റെ ആത്മഹത്യക്ക് ധാർമിക ഉത്തരവാദിത്തം പി.പി. ദിവ്യക്കാണെന്ന് ആരോപിച്ച് തെരുവിൽ സമരം നടക്കുമ്പോൾ ജില്ലാ ആസ്ഥാനമായ കണ്ണൂർ കളക്ട്രറ്റിലും വിഷയം വലിയ ചർച്ചയായിക്കഴിഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ. വിജയനെതിരെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇടയിൽ വലിയ അമർഷം രൂപപ്പെട്ടു. ഇന്നലെ തന്നെ ജീവനക്കാർ കളക്ടറുടെ ചേമ്പറിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കളക്ടർ അറിയാതെ ഒരിക്കലും സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തില്ലെന്നാണ് ജീവനക്കാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കളകട്ർക്കെതിരെയുള്ള വിമർശനങ്ങൾ ഉയർന്നത്. പമ്പുടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. സാമാന്തരമായി റവന്യു വകുപ്പിലും അന്വേഷണം നടക്കുന്നുണ്ട്. എഡിഎമ്മിനെതിരെ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്.

SCROLL FOR NEXT