NEWSROOM

പി.പി. ദിവ്യയെ എതിര്‍ത്തും പിന്തുണച്ചും കണ്ണൂര്‍ ജില്ലാ സമ്മേളനം; പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപി ശക്തിപ്പെടുന്നുവെന്നും വിമര്‍ശനം

സ്വര്‍ണ്ണക്കടത്ത് ആരോപണത്തിലും തുടര്‍ന്ന് നടന്ന സാമൂഹ്യ മാധ്യമ പോരിലും നേതാക്കള്‍ എന്തിന് പങ്കാളികളായെന്നും ചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നു.

Author : ന്യൂസ് ഡെസ്ക്


സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി ശക്തിപ്പെടുന്നെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.പി. ദിവ്യയെ പിന്തുണച്ചും എതിര്‍ത്തും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വര്‍ണ്ണക്കടത്ത് ആരോപണത്തിലും തുടര്‍ന്ന് നടന്ന സാമൂഹ്യ മാധ്യമ പോരിലും നേതാക്കള്‍ എന്തിന് പങ്കാളികളായെന്നും ചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നു.

പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് ചോര്‍ച്ച ഉണ്ടാകുന്നെന്നും പ്രത്യക്ഷമായി കാണാന്‍ ഇല്ലെങ്കിലും ജില്ലയില്‍ ബിജെപി വളര്‍ച്ചയുണ്ടാക്കുന്നെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് നുഴഞ്ഞുകയറ്റം ശക്തമെന്നും ഇത് പ്രതിരോധിക്കണമെന്നും വിലയിരുത്തലുണ്ടായി. നേതാക്കളുടെ പ്രസംഗങ്ങളിലെയും പ്രതികരണങ്ങളിലെയും ജാഗ്രതക്കുറവ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിക്ക് ബാധ്യതയാകുന്നെന്നും നേതാക്കളുടെ പേരെടുത്ത് പറയാതെ റിപ്പോര്‍ട്ടിലുണ്ട്.എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.പി. ദിവ്യയെ പിന്തുണച്ചും എതിര്‍ത്തും സമ്മേളനത്തില്‍ ചര്‍ച്ച നടന്നു.

ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി, ദിവ്യ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്ത് അപക്വമായി പെരുമാറി തുടങ്ങിയവയായിരുന്നു ദിവ്യക്കെതിരായ വിമര്‍ശനങ്ങള്‍. അതേസമയം ദിവ്യയ്‌ക്കെതിരായ നടപടി മാധ്യമ വിചാരണയ്ക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്നും നടപടി ശരിയായ രീതിയിലായിരുന്നില്ലെന്നും പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമുയര്‍ന്നു.

വിഷയത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാട് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെന്നും ഒരു വിഭാഗം പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് ആരോപണവും തുടര്‍ന്നുണ്ടായ സമൂഹമാധ്യമ പോരും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനവും ചര്‍ച്ചയായി. സ്വര്‍ണ്ണക്കടത്താരോപണത്തിലെ സമൂഹമാധ്യമ പോരില്‍ നേതൃത്വം എന്തിന് പങ്കാളികളാകുന്നു എന്ന് ചോദിച്ച പ്രതിനിധികള്‍ പ്രസ്താവനകള്‍ക്ക് പകരം വിവാദങ്ങളില്‍ കര്‍ശന നടപടിയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ഇന്നലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു.


SCROLL FOR NEXT