കാരക്കുണ്ട് വെള്ളച്ചാട്ടം 
NEWSROOM

കണ്ണൂരിലെ അമീബിക് മസ്തിഷ്‌കജ്വര ബാധ; കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി

കുരാക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുട്ടി കുളിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. വീടിനു സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ കുട്ടി കുളിച്ചിരുന്നതായി വീട്ടുകാര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടേക്കുള്ള പ്രവേശനം വിലക്കിയത്. സ്ഥലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

കണ്ണൂര്‍ പരിയാരം സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.


കഴിഞ്ഞാഴ്ചയാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുട്ടി കുളിച്ചത്. ഇവിടെ നിന്നാണ് അണുബാധയുണ്ടായതെന്നാണ് സംശയം.

രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ മുങ്ങി കുളിക്കുമ്പോഴും നീന്തുമ്പോഴും ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി, തലവേദന, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചാല്‍ ബോധക്ഷയം, അപസ്മാരം എന്നിവയും ഉണ്ടായേക്കാം. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന നിരക്കിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. എന്നാല്‍ രോഗം ബാധിച്ചാല്‍ മരിക്കാനുള്ള സാധ്യത 95%-ലേറെയാണ്.

ജലാശയങ്ങളുടെ ക്ലോറിനേഷനും മൂക്കില്‍ വെള്ളം കയറുന്ന നിലയില്‍ മുങ്ങി കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുന്നത് രോഗത്തെ തടയും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ വേഗം ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

SCROLL FOR NEXT