എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി പരാതിയെന്ന വാദം തള്ളി വിജിലൻസ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന പ്രശാന്തൻ്റെ വാദം വ്യാജമെന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് വിജിലൻസിൻ്റെ വെളിപ്പെടുത്തൽ. നവീൻ ബാബുവിന്റെയും പരാതിക്കാരൻ ടി.വി. പ്രശാന്തൻ്റെയും മൊഴിയെടുത്തെന്ന പ്രചരണം തെറ്റാണെന്നും വിജിലൻസിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ണൂർ യൂണിറ്റ് വ്യക്തമാക്കി.
പരാതിക്കാരനായ പ്രശാന്തൻ നവീൻ ബാബു സ്ഥലം മാറി പോകുന്നതിന് മുൻപായി കണ്ണൂർ വിജിലൻസ് ഓഫീസ് സന്ദർശിച്ചിരുന്നു. എന്നാൽ പരാതി കൈമാറിയിരുന്നില്ലെന്നും കണ്ണൂർ വിജിലൻസ് വ്യക്തമാക്കി. എന്നാൽ അഴിമതി പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയെന്നും വിജിലൻസ് സംഭവത്തിൽ മൊഴിയെടുത്തെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.
നവീന്‍ ബാബുവിനെതിരായ പരാതി തയ്യാറാക്കിയത് ജീവനൊടുക്കിയ വിവരം അറിഞ്ഞ ശേഷമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന വാർത്ത വ്യാജമാണ്. ആ പരാതി വിജിലൻസിന് കൈമാറിയെന്നും മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചു. ഇമെയിൽ വഴി പരാതി കിട്ടിയെന്ന് മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരാണ് നവീൻ ബാബുവിനെതിരെ ഇമെയിൽ വഴി പരാതി കിട്ടിയെന്ന് മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചത്. പരാതി വിജിലൻസിന് കൈമാറിയതായും മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചു. എന്നാൽ വിജിലൻസ് ആസ്ഥാനത്തേക്ക് ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ കൈമാറിയിട്ടില്ല. വിജിലൻസ് നവീന്‍ ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നതും വസ്തുതാവിരുദ്ധമായ വാദമാണെന്നാണ് ഇതോടെ വ്യക്തമാവുന്നത്.