കണ്ണൂർ പായത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ജിനീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് പായം കേളൻ പീടിക സ്വദേശി സ്നേഹയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീൽ പരാതി നൽകിയിരുന്നു. കോളിത്തട്ട് സ്വദേശി ജിനീഷിനെതിരെയും കുടുംബത്തിനെതിരെയുമാണ് പരാതി നൽകിയത്. ജിനീഷും വീട്ടുകാരും നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്നേഹയുടെ കുടുംബം ആരോപിച്ചിരുന്നു. ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പീഡനത്തെ തുടർന്നാണ് സ്നേഹ ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിക്ക് തൻ്റെ നിറമല്ലെന്ന് പറഞ്ഞ് ജിനീഷ് യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. സ്നേഹയുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു.
2020ലാണ് ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് സ്ത്രീധനം വേണ്ടെന്നായിരുന്നു ജിനീഷിൻ്റെ വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിൻ്റെ പേരിലും പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ജിനീഷിൻ്റെ കുടുംബം അന്ധവിശ്വാസമുള്ള കൂട്ടത്തിലാണ്. ഇതിൻ്റെ ഭാഗമായും സ്നേഹയ്ക്ക് നിരന്തരം പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ശരീരത്തിൽ ബാധ കയറിയെന്ന് പറഞ്ഞ് സ്നേഹയെ വിവിധ പൂജകൾക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു.
ഉളിക്കൽ പൊലീസ് സ്റ്റേഷനിലും, ഇരിട്ടി പൊലീസ് സ്റ്റേഷനിലും കുടുംബം നിരവധി തവണ പരാതി നൽകിയിരുന്നു. പരാതി നൽകി സ്റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോൾ എല്ലാം ഇനി ഇങ്ങനെ ആവർത്തിക്കില്ലെന്ന് പറഞ്ഞ് പരാതികൾ ഒത്തുത്തീർപ്പാക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ മാനസിക- ശാരീരിക പീഡനം താങ്ങാൻ പറ്റാത്തതിനാലാണ് സ്നേഹ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)