ആയിരം പേരുടെ രേഖാ ചിത്രങ്ങൾ വരച്ച് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ പയ്യന്നൂരിലെ റിട്ടയേഡ് അധ്യാപകൻ കെ.വി. വിജയൻ. 19 ആൽബങ്ങളിലായി ഇതിനോടകം 500 മുഖചിത്രങ്ങൾ വരച്ചു കഴിഞ്ഞു. അപരിചിതരായവരുടെ ചിത്രങ്ങൾ വരച്ച് സർപ്രൈസായി നൽകുന്നത് വിജയൻ മാസ്റ്ററുടെ വിനോദമാണ്.
സിനിമക്കാരോ രാഷ്ട്രീയക്കാരോ ജനനായകരോ വിജയൻ മാസ്റ്ററുടെ വരകളിലില്ല. പകരം സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ശിഷ്യർ ഒക്കെയാണ് വരകളിൽ വിരിയുന്നത്. പിന്നെ ഫേസ്ബുക്കിൽ കണ്ടുമുട്ടുന്ന അപരിചിതരാണ് മാഷിന്റെ വരകൾക്ക് പാത്രമാവുക. വരച്ചവയെല്ലാം ആൽബത്തിലാക്കി സൂക്ഷിക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിലാണ് മുഖങ്ങൾ തിരയുന്നത്. പ്രത്യേകതയുള്ള ഒരു മുഖം കണ്ടെത്തിയാൽ മൂന്നു നാലു മണിക്കൂറുകൊണ്ട് വരച്ച് പൂർത്തിയാക്കി സ്കാൻ ചെയ്ത് അയച്ചു കൊടുക്കും. യഥാർത്ഥ ചിത്ര ശേഖരത്തിൽ ചേർത്തുവെക്കും. ഇത്തരത്തിൽ ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാനും വിജയൻ മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലമാണ് വിജയൻ മാസ്റ്ററെ ചിത്രകാരനാക്കിയത്.
ALSO READ: വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി; മുന്നറിയിപ്പ് നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ
ആദ്യം പെൻസിലുകൾ ഉപയോഗിച്ചാണ് വരച്ചിരുന്നത്. പിന്നീട് മൈക്രോ ടിപ്പ് പേനകളിലേക്ക് മാറി. ഇതോടെ ചിത്രങ്ങൾ കൂടുതൽ ആകർഷകമാക്കാൻ സാധിച്ചു. കൂടുതൽ മുഖങ്ങൾ കണ്ടെത്തി വരകളുടെ എണ്ണം 1000 തികക്കാനുള്ള ഒരുക്കത്തിലാണ് വിജയൻ മാഷിപ്പോൾ.