NEWSROOM

ഇസ്ലാം നിയമം മത പണ്ഡിതന്മാര്‍ പറയും, ഞങ്ങളുടെ മേല്‍ കുതിര കയറാന്‍ വരേണ്ട; എം.വി. ഗോവിന്ദന് മറുപടിയുമായി കാന്തപുരം

എം.വി. ഗോവിന്ദന്റെ ജില്ലയില്‍ 18 ഏരിയ സെക്രട്ടറിമാരുള്ളതില്‍ ഒരാള്‍ പോലും സ്ത്രീ ഇല്ലെന്നും എന്തുകൊണ്ടാണ് അവിടെ ഒന്നും സ്ത്രീകളെ പരിഗണിക്കാത്തത് എന്നും കാന്തപുരം ചോദിച്ചു.

Author : ന്യൂസ് ഡെസ്ക്


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനത്തില്‍ മറുപടിയുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഇസ്ലാമിന്റെ നിയമം എന്താണ് വേണ്ടതെന്ന് പണ്ഡിതന്മാര്‍ പറയും. അത് അവര്‍ക്ക് വിട്ടു കൊടുക്കണം. എം.വി. ഗോവിന്ദന്റെ ജില്ലയില്‍ 18 ഏരിയ സെക്രട്ടറിമാരുള്ളതില്‍ ഒരാള്‍ പോലും സ്ത്രീ ഇല്ലെന്നും എന്തുകൊണ്ടാണ് അവിടെ ഒന്നും സ്ത്രീകളെ പരിഗണിക്കാത്തത് എന്നും കാന്തപുരം ചോദിച്ചു.

തങ്ങളുടെ മേലേക്ക് കുതിര കയറാന്‍ വരേണ്ടെന്നും മതവിധി പറയുന്നത് മുസ്ലീങ്ങളോടാണ് എന്നും കാന്തപുരം വിമര്‍ശിച്ചു.

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിനിടെയാണ് എം.വി. ഗോവിന്ദന്‍ കാന്തപുരത്തിനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാട് ആണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല എന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നുമായിരുന്നു എംവി ഗോവിന്ദന്റെ വിമര്‍ശനം.

മെക് സെവന്‍ വ്യായാമത്തിനെതിരെ നേരത്തെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു എം.വി. ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനം.

വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുന്നു. സ്ത്രീ അന്യപുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.


SCROLL FOR NEXT