NEWSROOM

പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കുന്നതിനേക്കാൾ സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജന്മനായുള്ള കറുത്ത പാടുകൾ മായ്ക്കാൻ; വിമർശനവുമായി സമസ്തയും കാന്തപുരവും

മൗദൂദിയെ തള്ളുന്നവർ സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ജമാഅത്തെ ഇസ്ലാമിയുടെ ശിർകും കുഫ്‌റും ബിദ്അതുമൊക്കെ നിർവചിക്കപ്പെടുന്നത് ഹിറാ സെന്ററിന്റെ നാല് ചുവരുകൾക്കുള്ളിലാണെന്നും കാന്തപുരം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമർശനവുമായി സമസ്തയുടേയും കാന്തപുരത്തിൻ്റേയും മുഖപത്രങ്ങൾ. സുപ്രഭാതവും സിറാജുമാണ് ജമാ അത്തെ ഇസ്‌ലാമിക്കെതിരെ എഡിറ്റോറിയൽ പേജിൽ ലേഖനം നൽകിയത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയുന്നതിനേക്കാൾ സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജന്മനായുള്ള കറുത്ത പാടുകൾ മായ്ക്കുക എന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ലേഖനത്തിൽ വിമർശനം. എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം സി ഇ ഒയുമായ മുസ്‌തഫ മുണ്ടുപാറയുടേതാണ് ലേഖനം. മൗദൂദിയെ തള്ളുന്നവർ സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നായിരുന്നു കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ വിമർശനം. SYS ജില്ല സെക്രട്ടറി മുഹമ്മദലി കിനാലൂരിൻ്റെ ലേഖനത്തിലാണ് വിമർശനം.

മൗദൂദിയെ തള്ളുന്നു എന്ന് പറയുന്നവർക്ക് എത്ര കണ്ട് അതിന് സാധിക്കുമെന്നായിരുന്നു കാന്തപുരത്തിൻ്റെ ചോദ്യം. മൗദൂദിയുടെ പുസ്തകങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചാൽ ഐ പി എച്ചിന്റെ ഔട്‍ലെറ്റുകൾ പൂട്ടേണ്ടിവരില്ലേ?.മൗദൂദിയെ തള്ളുന്നവർ സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ജമാഅത്തെ ഇസ്ലാമിയുടെ ശിർകും കുഫ്‌റും ബിദ്അതുമൊക്കെ നിർവചിക്കപ്പെടുന്നത് ഹിറാ സെന്ററിന്റെ നാല് ചുവരുകൾക്കുള്ളിലാണെന്നും കാന്തപുരം പറഞ്ഞു.

ജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ എതിർപ്പ് ജമാഅത്ത് നേതാവായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്നെ പറഞ്ഞതാണ്.ഒരിക്കൽ നിഷിദ്ധവും ശിർകുമായി കണ്ട ഒരു കാര്യം പിൽക്കാലത്ത് അനുവദനീയവും ഇസ്‌ലാമികവുമായി മാറുന്നതിന്റെ മാനദണ്ഡം എന്താണെന്ന ചോദ്യവും കാന്തപുരം ഉയർത്തി. 

കാന്തപുരത്തിന് പിന്നാലെയാണ് ജമാ അത്തെ ഇസ്ലാമിക്കെതിരെ വിമർശനവുിമായി സമസ്തയും പ്രതികരിച്ചത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയുന്നതിനേക്കാൾ സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജന്മനായുള്ള കറുത്ത പാടുകൾ മായ്ക്കുക എന്നാണ് സമസ്തയുടെ വിമർശനം. ആർഎസ്എസുമായുള്ള ഡീലും മതരാഷ്ട്രം സ്ഥാപിക്കാനുള്ള പരക്കംപാച്ചിലും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന മൈയ് വഴക്കം അസാമാന്യമെന്നും പരിഹസിക്കുന്നുണ്ട്.


അലക്കി തേച്ച ഏതാനും മലയാള പദങ്ങളും പൗഡർ ഇട്ട ചില വേഷങ്ങളും മാത്രമാണ് ജമാഅത്തെ ഇസ്ലാമിയുടെ അകത്തുള്ളത്.കേരളത്തിൽ ഒരടി പോലും വളരാൻ ജമാഅത്ത് ഇസ്ലാമിക് ആയിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന അടിസ്ഥാന നയം തിരുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദ്യമുണ്ട്.സ്വന്തം സമുദായത്തിനകത്ത് പോലും എങ്ങനെ ശൈഥില്യമുണ്ടാക്കാമെന്ന് ഗവേഷണം നടത്തുന്ന വിഭാഗമാണിത്.സ്വയം വെളുപ്പിക്കാനുള്ള നീക്കമായി മാത്രമേ പുതിയ വിവാദങ്ങളെ കാണാൻ കഴിയുകയുള്ളൂ എന്ന് സുപ്രഭാതത്തിലെ ലേഖനത്തിൽ വിമർശനം.

അതേ സമയം ജമാഅത്തെ ഇസ്ലാമിക്ക് നേരെ വീണ്ടും തീവ്രവാദം ബന്ധം ആരോപിച്ച് മാളിയേക്കൽ സുലൈമാൻ സഖാഫി രംഗത്തുവന്നിരുന്നു. കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർധിച്ചു. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീൻ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണെന്നും സുലൈമാൻ സഖാഫി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുലൈമാൻ സഖാഫിയുടെ വിമർശനം.


ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിന്റെ മുസ്ലീം പതിപ്പാണെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച "കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം" എന്ന പുസ്തകം ചർച്ചയായതോടെയാണ് ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ രാഷ്ട്രീയ ഇടപെടലുകളും വീണ്ടും ചർച്ചയായത്. തുടർന്ന് വിവിധ സംഘടനകൾ പ്രതികരണവുമായി എത്തുകയായിരുന്നു.

SCROLL FOR NEXT